തിരുവനന്തപുരം: ജൈവ വൈവിധ്യത്തിന്‍റെ കലവറയാണ് തിരുവനന്തപുരത്തിന്‍റെ കിഴക്കൻ മലയോര മേഖലയായ അഗസ്ത്യവനം. ഇപ്പോൾ നിയന്ത്രിതമായി മാത്രം പ്രവേശനമുള്ള പശ്ചിമഘട്ട മലനിരകളിലെ അഗസ്ത്യാർകൂടം സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രക്കിങ് കേന്ദ്രം കൂടിയാണ്. ഏകദേശം 180 വർഷങ്ങൾക്കു മുൻപ് അഗസ്ത്യ വനപ്രദേശത്ത് അന്നത്തെ തിരുവിതാംകൂർ സർക്കാർ സഹായത്തോടെ ബ്രിട്ടീഷുകാർ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം വാനനിരീക്ഷണ കേന്ദ്രം ഡയറക്‌ടറും കാര്യവട്ടം കേരള സർവകലാശാല കാമ്പസിൽ ഫിസിക്‌സ് വിഭാഗം പ്രൊഫസറുമായ ഡോ. ആർ ജയകൃഷ്‌ണൻ.
വഴി തെളിച്ചത് ആ ഡയറി: 2022 മാർച്ചിൽ ആണ് ജയകൃഷ്‌ണന്‍ കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തായി കേരള വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ ഡയറക്‌ടറായി ചുമതലയേൽക്കുന്നത്. തന്‍റെ ഓഫിസ് മുറി വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി ലഭിച്ച ഒരു ഡയറി അഗസ്ത്യർകൂടത്തിലെ കാടുമൂടി വിസ്‌മൃതമായ പുരാതന വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് വെളിച്ചം വീശിയെന്ന് ജയകൃഷ്‌ണൻ പറയുന്നു. തിരുവനന്തപുരം വാന നിരീക്ഷണ കേന്ദ്രത്തിന്‍റെ രണ്ടാമത്തെ ഡയറക്‌ടറായിരുന്ന ജോൺ അലൻ ബ്രൗണിന്‍റെ സ്വകാര്യ ഡയറിയായിരുന്നു അത്.
1836ല്‍ സ്വാതി തിരുനാൾ മഹാരാജാവിന്‍റെ ക്ഷണം സ്വീകരിച്ചെത്തിയ ജോൺ കാൾഡിക്കോട്ട് എന്ന ബ്രിട്ടീഷ് വാനനിരീക്ഷകന്‍റെ നേതൃത്വത്തിലാണ് ട്രിവാൻഡ്രം വാനനിരീക്ഷണ കേന്ദ്രം അഥവാ ഒബ്‌സര്‍വേറ്ററി കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്ത് സ്ഥാപിക്കുന്നത്. ജോൺ കാൾഡിക്കോട്ടിന്‍റെ മരണത്തെ തുടർന്നാണ് ജോൺ അലൻ ബ്രൗൺ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ട്രിവാൻഡ്രം ഒബ്‌സർവേറ്ററിയുടെ ഡയറക്‌ടര്‍ സ്ഥാനത്തേക്ക് എത്തുന്നത്.
ബ്രൗൺ നേരിട്ടത് വന്‍ വെല്ലുവിളികള്‍: ചുമതലയേറ്റ് കുറച്ച് കാലങ്ങൾക്കുള്ളിൽ ഭൂമിയുടെ കാന്തിക വലയത്തെ സംബന്ധിച്ച് അദ്ദേഹം ആഴത്തിലുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്ക് തുടക്കമിട്ടു. ഇതിന് ഉയരം കൂടിയ പ്രതലത്തിൽ മറ്റൊരു വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ ആവശ്യമുണ്ടെന്ന് വൈകാതെ ജോൺ അലൻ ബ്രൗൺ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ അഗസ്ത്യമലയാണ് ഇതിന് അനുയോജ്യമായ സ്ഥലം എന്ന് മനസിലാക്കിയ ബ്രൗൺ അന്നത്തെ ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളത്തിന്‍റെ ലെഫ്റ്റനന്‍റ് കേണൽ ആയ എസ്‌ഐ ഗ്രാൻഡിന്‍റെ നേതൃത്വത്തിലുള്ള ചെറു സംഘവുമായി ഉചിതമായ ഇടം കണ്ടെത്താനായി കാടുകയറി.
യാത്രാമധ്യേ കണ്ടുമുട്ടിയ കാണിക്കാർ വിഭാഗത്തിലെ മൂപ്പനെയും ഒപ്പം കൂട്ടി. ദിവസങ്ങൾ നീണ്ട കഠിനമായ യാത്രയ്ക്ക് ശേഷം 1852 മേയ് 15ന് വിതുരയിൽ നിന്നും അഗസ്ത്യവനത്തിലേക്കുള്ള വഴിയിൽ പൊടിയമലയിൽ അനുയോജ്യമായ സ്ഥലം സംഘം കണ്ടെത്തി. വനത്തിൽ വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ നിർമാണം ആരംഭിച്ചപ്പോൾ ബ്രൗൺ നേരിട്ട പ്രധാന വെല്ലുവിളികളിൽ ആദ്യത്തേത് അഗസ്ത്യമല കയറി പണിയെടുക്കുന്നവർ മരണപ്പെടുമെന്ന ആദിവാസി വിഭാഗങ്ങളുടെ വിശ്വാസമായിരുന്നു.
പ്രദേശത്ത് നിന്നും തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ നെടുമങ്ങാട് തഹസിൽദാരുടെ സഹായത്തോടെ നിർമാണ സാമഗ്രികൾ ശേഖരിക്കുകയും ആര്യനാട് ഭാഗത്തുനിന്നുമുള്ള ക്രിസ്‌റ്റ്യന്‍ മിഷനറിമാരുടെ സഹകരണത്തിൽ ഒരു ഇടവകയിൽ നിന്നും ആഴ്‌ചയിൽ 15 പേർ എന്ന കണക്കിൽ പണിക്കാരുടെ സേവനങ്ങൾ ലഭ്യമാക്കുകയുമായിരുന്നു. അങ്ങനെ അഗസ്ത്യവനത്തിൽ വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ നിർമാണം 1855 മെയ് 31ന് പൂർത്തിയാക്കി. അതായത് വാനനിരീക്ഷണ കേന്ദ്രം നിര്‍മിച്ചിട്ട് 168 വര്‍ഷമായെങ്കിലും അതിനും മുന്‍പേ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
വനം വകുപ്പിന്‍റെ സഹായം തേടി ജയകൃഷ്‌ണന്‍: വടക്ക് കൊച്ചിയുടെ കായലുകളും തെക്കൻ കേരളത്തിൽ തിരുവിതാംകൂറിന്‍റെ കടലും തമിഴ്‌നാട് ഭാഗത്തേക്ക് ശ്രീലങ്കൻ മലനിരകൾ വരെയും തെളിമയുള്ള കാലാവസ്ഥയിൽ കാണാൻ കഴിയുമെന്ന് ജോൺ അലൻ ബ്രൗൺ തന്‍റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ളതായി ജയകൃഷ്‌ണന്‍ പറയുന്നു. കളഞ്ഞുകിട്ടിയ ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല അഗസ്ത്യാർകൂടത്തിലെ ഈ വാന നിരീക്ഷണ കേന്ദ്രത്തിന്‍റെ സാധ്യത ജയകൃഷ്‌ണന്‍ സമർഥിക്കുന്നത്. സമാന്തര കാലഘട്ടത്തിൽ യൂറോപ്യൻ ശാസ്ത്ര മാസികകളിൽ ഭൂമിയുടെ കാന്തിക ശക്തിയെക്കുറിച്ച് ജോൺ അലൻ ബ്രൗൺ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾക്ക് സഹായകമായത് അഗസ്ത്യാർകൂടത്തിലെ ഈ വാനനിരീക്ഷണ കേന്ദ്രത്തിലെ നിരീക്ഷണങ്ങളിൽ നിന്നാണെന്ന് തെളിവുകൾ നിരത്തുകയാണ് ജയകൃഷ്‌ണന്‍.
എന്നാൽ, അഗസ്ത്യവനത്തിൽ കൃത്യമായി ഈ വാന നിരീക്ഷണ കേന്ദ്രം എവിടെയാണെന്ന് ചോദിച്ചാൽ അദ്ദേഹത്തിന് ഉത്തരമില്ല. താളുകളിൽ നിന്ന് മാത്രം മനസിലാക്കിയ വിസ്‌മൃതിയുടെ ശേഷിപ്പുകൾ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ജയകൃഷ്‌ണന്‍. ഇതിനായി വനം വകുപ്പിന്‍റെ കൂടി സഹകരണം തേടുന്നുണ്ട് അദ്ദേഹം.