സമ്മതിദാനാവകാശം രേഖപ്പെടുത്തി ചലച്ചിത്രമേഖലയില്‍ നിന്നുള്ള പ്രമുഖരും. മുകേഷ്, ഗണേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി,കൃഷ്ണകുമാര്‍ എന്നീ അഭിനേതാക്കള്‍ ഇത്തവണ വിവിധ മുന്നണികളെ പ്രതിനിധീകരിച്ച് മത്സരിക്കുന്നുമുണ്ട്. മമ്മൂട്ടി, ആസിഫ് അലി, പൃഥ്വിരാജ്, നീരജ് മാധവ്, മുകേഷ്, കൃഷ്‌ണകുമാർ ഗായികമാരായ സിതാര, സയനോര എന്നിവരെല്ലാം ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
എറണാകുളം പൊന്നുരുന്നി സി.കെ.സി എൽപി സ്കൂളിലാണ് നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. മമ്മൂട്ടി വോട്ട് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ തടയാൻ ബിജെപി പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത് നേരിയ സംഘര്‍ഷമുണ്ടാക്കി. ആസിഫ് അലി തൊടുപുഴയലെ ബൂത്തിലാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. സംസ്ഥാനത്ത് തുടർഭരണം വേണമെന്നും ,മികച്ച ഭരണം വരട്ടെയെന്നും അസിഫ് അലി പറഞ്ഞു. എൽഡിഎഫ് ഭരണം തുടരണമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നടൻ ജാഫർ ഇടുക്കിയും പറഞ്ഞു. ഉടുമ്പന്നൂർ അമയപ്രിയ എൽപി സ്‌കൂളിലാണ് ജാഫർ ഇടുക്കി വോട്ട് രേഖപ്പെടുത്തിയത്.
നടനും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ കൃഷ്‌ണകുമാർ ഭാര്യ സിന്ധുവിനും മക്കളായ ഇഷാനിക്കും ദിയക്കുമൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് എൽഡിഎഫ് തരംഗമുണ്ടാകുമെന്ന് സിനിമാതാരവും കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായ എം.മുകേഷ് പറഞ്ഞു. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും മുകേഷ് പറഞ്ഞു. അതിനിടെ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി നടൻ ധർമജൻ ബോൾഗാട്ടിയെ പോളിങ് ബൂത്തിൽ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.
ദിലീപ് കുടുംബമായി എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. അമ്മയും കാവ്യയും ഒപ്പമുണ്ടായിരുന്നു. ഫഹദ് ഫാസിൽ അച്ഛനും സംവിധായകനുമായ ഫാസിലിനൊപ്പമാണെത്തിയത്. ആലപ്പുഴ മണ്ഡലത്തിലെ സീവ്യൂ വാർഡിൽ സെന്‍റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂളിലായിരുന്നു ഇരുവർക്കും വോട്ട്.