തിരുവനന്തപുരം: അനധികൃതമായി കഞ്ചാവ് കൈവശം വെച്ച പ്രതിക്ക് മൂന്നു വർഷം കഠിന തടവും 25000 രൂപ പിഴയും. വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് സമീപം കടുവാത്തോൽവിള വീട്ടിൽ മുണ്ടൻ രതീഷ് എന്നു വിളിക്കുന്ന രതീഷിനെയാണ് (30) തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
2015 ജനുവരി നാലിനാണ് കേസിനാസ്‌പദമായ സംഭവം. തിരുമല ഭാഗത്ത് വച്ച് വെളുപ്പിന് നാലു മണിക്ക് സംശയാസ്‌പദമായ രീതിയിൽ കാണപ്പെട്ട രതീഷിനെ പൊലീസ് തടഞ്ഞ് നിറുത്തി ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിൽ വെച്ചിരുന്ന ഒരു കിലോ 230 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ജില്ലയിൽ വിൽപന നടത്തുവാനാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്.
ALSO READ: ഗ്രാമത്തെ ''മിനി പാകിസ്ഥാൻ'' എന്ന് വിളിച്ചയാൾക്കെതിരെ കേസ്
പ്രതിയുടെ കൈവശത്ത് നിന്നും പിടികൂടിയ കഞ്ചാവുൾപ്പെടെ മൂന്നു തൊണ്ടി മുതലുകളും, ആറു സാക്ഷികളും, പതിനാല് രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പൂജപ്പുര പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ ഹാജരായി.