തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തലതിരിഞ്ഞ സഹകരണ നയങ്ങളുടെ ഇരയാണ് കൊല്ലം ശൂരനാട് സ്വദേശിയായ അഭിരാമിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. വീട്ടില്‍ ജപ്‌തി നോട്ടിസ് പതിച്ചതിനെ തുടര്‍ന്നാണ് അഭിരാമിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. സഹകരണ മേഖലയെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി കേരള ബാങ്ക് രൂപീകരിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് പണയം വച്ചതിന്‍റെ മറ്റൊരു രക്തസാക്ഷിയാണ് അഭിരാമിയെന്ന് കെ.സുധാകരന്‍ പറഞ്ഞു.
കേരള ബാങ്ക് രൂപീകരിച്ചത് ജനങ്ങളെ ദ്രോഹിക്കുന്നതിന് വേണ്ടിയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കൊവിഡിനെ തുടര്‍ന്ന് വരുമാനം നഷ്‌ടപ്പെട്ട് ദുരിതവും കടബാധ്യതയും അനുഭവിക്കുന്ന സാധാരണ ജനങ്ങളെ സംരക്ഷിക്കാന്‍ വ്യക്തമായ നയരേഖ രൂപീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിന്‍റെ ഉദാഹരണം കൂടിയാണ് ഈ സംഭവം. വായ്‌പാബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്‌റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും കേരള ബാങ്ക് ഉള്‍പ്പടെയുള്ള സഹകരണ മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അത് ബാധകമാണെന്നും സഹകരണവകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അഭിരാമിയുടെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍: അതിന് കടകവിരുദ്ധമായ നടപടിയാണ് കേരള ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അതുകൊണ്ട് തന്നെ അഭിരാമി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുമുണ്ട്. കുടിശികയില്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കി വായ്‌പക്കാരന്‍റെ ബാധ്യത ഭാരം കുറയ്‌ക്കാനാണ് ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.
പദ്ധതി പ്രഖ്യാപിച്ചവര്‍ തന്നെ ആരാച്ചാരാകുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അഭിരാമിയുടെ കുടുംബത്തിന് മാന്യമായ നഷ്‌ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍ഫാസി നിയമത്തിന്‍റെ പേരില്‍ കേരള ബാങ്കാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്.
ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ സര്‍ഫാസി നിയമം സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കുന്ന തീരുമാനം എടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കടമെടുക്കുന്നവരെ മരണത്തിലേക്ക് തള്ളിവിടുന്ന സര്‍ഫാസി നിയമങ്ങള്‍ നടപ്പിലാക്കണമോ എന്നതിനെ കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുനഃവിചിന്തനം നടത്തണം. റിസര്‍വ് ബാങ്കിന്‍റെ അംഗീകാരം കേരള ബാങ്കിന് നേടിയെടുക്കാന്‍ വേണ്ടിയാണ് ജനങ്ങളെ പീഡിപ്പിക്കുന്ന കരിനിയമങ്ങള്‍ ഓരോന്നായി സഹകരണവകുപ്പ് നടപ്പാക്കുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെപ്പോലും നാണിപ്പിക്കും വിധമുള്ള നടപടികളാണ് കേരള ബാങ്കിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സുധാകരന്‍ ആരോപിച്ചു.