തിരുവനന്തപുരം: കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അപമാനകരമായ പരാമർശമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. ഇക്കാര്യത്തിൽ എഐസിസി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരൻ്റെ പരാമർശം മുതിർന്ന നേതാക്കൾ തിരുത്തുമെന്നാണ് കരുതിയത്. എന്നാൽ ചെന്നിത്തല നിലപാട് മാറ്റുന്നുവെന്നും ഉമ്മൻ ചാണ്ടി മൗന വ്രതത്തിലാണെന്നും എഎ റഹിം വിമർശിച്ചു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ.സുധാകരൻ്റെ പിന്നിൽ നിൽക്കുന്ന ആർഎസ്എസിനെ കണ്ട് ഭയന്നാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നിലപാട് മാറ്റുന്നതെന്നും എഎ റഹിം ആരോപിച്ചു.
മുല്ലപ്പള്ളിക്ക് സുധാകരനെ പേടിയാണ്. കെ സുധാകരൻ ബിജെപിക്കെതിരെ ഒന്നും പറയുന്നില്ലെന്നും എഎ റഹിം പറഞ്ഞു. സിപിഎമ്മിനെ മാത്രം എതിർക്കുന്നയാളെയാണ് കെപിപിസി പ്രസിഡൻ്റാക്കുന്നതെന്നും കോൺഗ്രസ് ആർഎസ്എസ് ബന്ധത്തിൻ്റെ ഇടനിലക്കാരനാണ് സുധാകരനെന്നും എഎ റഹിം ആരോപിച്ചു.
അതേസമയം സിപിഎം നേതാവ് എംബി രാജേഷിൻ്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി സംസ്‌കൃത സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണം അസംബന്ധമാണെന്നും എഎ റഹീം പറഞ്ഞു. നിയമപരമായി തന്നെയാണ് നിയമനത്തിലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതെന്നും നിലനിൽക്കാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റര്‍വ്യൂ ബോർഡിൽ യുജിസി നിർദേശിച്ച വിദഗ്‌ധരാണുള്ളതെന്നും ആരോപണമുന്നയിച്ച വിദഗ്‌ധന് രാഷ്ട്രീയം കാണുമെന്നും റഹീം പറഞ്ഞു.