തിരുവനന്തപുരം: കേരള സർക്കാരിന്‍റെ ബോർഡ് പതിപ്പിച്ച് അതിർത്തിയിൽ ആളെ എത്തിച്ച സ്വകാര്യ വാഹനം അമരവിളയിൽ പിടികൂടി. കരാർ വ്യവസ്ഥയിൽ പരീക്ഷാഭവനിലേക്ക് ഏറ്റെടുത്ത കെ.എല്‍ 01 സിസി 7833 മാരുതി സിയാസ് കാറാണ് അമരവിളയിലെ സംയുക്ത പരിശോധനക്കിടെ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ നന്ദാവനം സ്വദേശി രഘുവരൻ നായരെ അറസ്റ്റ് ചെയ്തു.കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരീക്ഷ ഭവനിലെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കുമാറിന് വേണ്ടിയാണ് ഈ വാഹനം കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടാണ് ടെക്നോപാർക്കിൽ നിന്നും രണ്ടുപേരെ ഇഞ്ചിവിള അതിർത്തിയിൽ എത്തിച്ചത് എന്നുമാണ് ഡ്രൈവറുടെ മൊഴി. പെർമിറ്റ് വാഹനമായി രജിസ്റ്റർ ചെയ്തിട്ടുള്ള കാർ ഓണേഴ്സ് ബോർഡിനൊപ്പം ഗവൺമെന്‍റ് ഓഫ് കേരള ബോർഡും പതിപ്പിച്ചായിരുന്നു സവാരി.
വാഹനം മോട്ടോർ വാഹന വകുപ്പിന് കൈമാറി. രജിസ്ട്രേഷൻ നിയമപ്രകാരം കൃത്രിമം കാട്ടിയതിനും നടപടി സ്വീകരിക്കും. ഇതിനുമുമ്പും ഇത്തരത്തിൽ യാത്രകൾ നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാറശാല പൊലീസ് അന്വേഷിച്ചു വരികയാണ്.