തിരുവനന്തപുരം: വാഹനങ്ങൾക്കിടയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച ലഖ്‌നൗ സ്വദേശിയായ യുവാവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും കാൽനടയായി ആലംകോട് എത്തിയ 25കാരനായ മീരാജ് കുമാറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് വാഹനങ്ങൾക്കിടയിലേക്ക് ചാടി ആത്മഹത്യ ഭീഷണി മുഴക്കുകയും നാട്ടിൽ ഭീതി സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെയർമാൻ എം. പ്രദീപിന്‍റെ നേതൃത്വത്തിലുള്ള ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ശരീര ഊഷ്‌മാവ് ഉൾപ്പടെയുള്ളവ പരിശോധിച്ച ശേഷം ആംബുലൻസിൽ വലിയകുന്ന് താലൂക്കാശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജ് ക്വാറന്‍റൈൻ സെന്‍ററിലേക്കും മാറ്റി.
ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ശ്രീജിത്തിന്‍റെയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും സംയോജിതമായ ഇടപെടലിനെ തുടർന്നാണ് വലിയൊരു അപകടത്തിൽ നിന്നും ഇയാളെ രക്ഷപ്പെടുത്തിയത്. എന്നാൽ കയ്യിൽ കിട്ടിയ ആയുധം ഉപയോഗിച്ച് ശരീരം സ്വയം കീറി മുറിവേൽപ്പിക്കുവാനും യുവാവ് ശ്രമിച്ചു. കഴിഞ്ഞ ദിവസം മുംബൈൽ നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിലാണ് ഇയാൾ നഗരത്തിൽ എത്തിയത്. തുടർന്ന് ക്വാറന്‍റൈൻ സെന്‍ററിൽ പ്രവേശിപ്പിക്കുകയും അവിടുന്ന് ഇയാൾ ചാടിപ്പോകുകയായിരുന്നുവെന്ന് യുവാവ് പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇയാളുടെ സംസാരവും പ്രവൃത്തിയും പരസ്‌പര ബന്ധമില്ലാത്ത രീതിയിലായിരുന്നതും ഉദ്യോഗസ്ഥരെ ആശയകുഴപ്പത്തിലാക്കി.