തിരുവനന്തപുരം: കേശവദാസപുരത്ത് പട്ടാപ്പകൽ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട വയോധികയുടെ വീടിന് സമീപം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി ആദം അലിക്കായി (21) പൊലീസ് തെരച്ചിൽ തുടരുകയാണ്. ഞായറാഴ്‌ച (07.08.2022) രാത്രിയോടെയാണ് മനോരമ (60) എന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്.
മനോരമയെ കാണാനില്ലെന്ന പരാതിയിൽ തെരച്ചിൽ നടത്തവേയാണ് രാത്രി 11.15ന് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. മനോരമയെ കാണാനില്ലെന്ന വിവരം അറിഞ്ഞതോടെ മനോരമയുടെ വീടിന് സമീപം കെട്ടിടം പണിക്കായി താമസിച്ചിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളി ആദം അലിയെ കാണാനില്ലെന്ന വിവരവും പുറത്തു വന്നിരുന്നു. ഇതോടെയാണ് ആദം അലിക്കെതിരെ സംശയം ഉയർന്നത്. ആദം അലിക്കൊപ്പം താമസിച്ചിരുന്ന മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്‌തു.
കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന മനോരമയെയാണ് (60) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയതിന് ശേഷം കിണറ്റിൽ തള്ളിയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.
മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിൽക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്.
മൃതദേഹത്തിന്‍റെ കഴുത്തിൽ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്‍റെ കാലിൽ ഇഷ്‌ടികയും കെട്ടിവച്ചിരുന്നു. മോഷണ ശ്രമമാകാം കൊലപാതക കാരണമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ മനോരമയുടെ വീട്ടിൽ നിന്ന് പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. പോസ്റ്റ്‌മോർട്ടം കഴിഞ്ഞാലേ ഇക്കാര്യങ്ങളിലടക്കം വ്യക്തത വരൂ.
സംഭവ സമയം മനോരമ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മനോരമയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.