തിരുവനന്തപുരം: പോക്‌സോ കേസുകള്‍ക്ക് വേണ്ടി 57 പുതിയ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം ഇതു സംബന്ധിച്ച തീരുമാനമെടുത്തതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതിനായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രത്യേക സമിതി രൂപീകരിക്കുമെന്നും രണ്ടു മാസത്തിലൊരിക്കല്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
പോക്‌സോ കേസുകളില്‍ ഇരകളുടെ അടുത്ത ബന്ധുക്കള്‍ പ്രതിസ്ഥാനത്തു വരുന്നത് ശിക്ഷാ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാഠ്യ പദ്ധതിയില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇത് സദാചാര വിരുദ്ധമെന്ന അഭിപ്രായം മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് ശരാശരി 1800 പോക്‌സോ കേസുകളാണ് പ്രതിവര്‍ഷം ഉണ്ടാകുന്നതെന്ന് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ച എം.ഉമ്മര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ പെടുന്നവവര്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍ കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥിതിയാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്ന് ഉമ്മര്‍ കുറ്റപ്പെടുത്തി.