തിരുവനന്തപുരം: കാരകോണത്ത് 51 വയസുകാരിയുടെ മരണത്തില്‍ ഭര്‍ത്താവ് അരുണിന്‍റെ അറസ്റ്റ് വെള്ളറട പൊലീസ് രേഖപ്പെടുത്തി. ശാഖയെ ഷോക്കടിപ്പിച്ചാണ് കൊന്നതെന്ന് ഭര്‍ത്താവ് അരുണ്‍ മൊഴി നല്‍കിയതായി പൊലീസ് അറയിച്ചിരുന്നു. 26-ാം തീയതി പുലര്‍ച്ചെയാണ് ശാഖയെ ബോധരഹിതയായി കണ്ടെത്തിയത്. ഷോക്കേറ്റതാണെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അരുണിന്‍റെ നിലപാടും ശാഖയുടെ ശരീരത്തില്‍ കണ്ട ചോരപ്പാടുകളും പൊലീസിന് സംശയത്തിനിടയാക്കി. തുടർന്നാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലില്‍ ശാഖയെ താൻ കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ പൊലീസിന് മൊഴി നല്‍കി.
കിടപ്പുമുറിയിലെ മല്‍പ്പിടുത്തത്തിന് ശേഷം ബോധരഹിതയായ ശാഖയെ ഹാളില്‍ കൊണ്ടുവന്ന് ഷോക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് അരുണ്‍ പൊലീസിനോട് പറഞ്ഞു. കിടപ്പുമുറിയിലും ഹാളിലും കണ്ട രക്തക്കറ ശാഖയെ കൊലപ്പെടുത്തിയതാണെന്ന അരുണിന്‍റെ മൊഴിക്ക് കൂടുതല്‍ ബലം നല്‍കുന്നതായിരുന്നു. സ്വത്ത് ലക്ഷ്യമിട്ടാണ് വിവാഹം ചെയ്‌തതെന്നും തന്‍റെ വിവാഹം ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയില്ലായിരുന്നുവെന്നും അരുണ്‍ പൊലീസിനോട് പറഞ്ഞു.
പ്രായത്തില്‍ മുതിര്‍ന്ന ആളെ വിവാഹം ചെയ്‌തതിനെ ചൊല്ലി കൂട്ടുകാര്‍ കളിയാക്കിയിരുന്നു. ഒരു കുഞ്ഞ് വേണമെന്ന ശാഖയുടെ ശാഠ്യവും തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതാണ് തന്നെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും അരുണ്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഇതിന് മുന്‍പും അരുണ്‍ ശാഖയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു.