തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയിൽവെ സ്റ്റേഷനിൽ നിന്നും 45 ലക്ഷം രൂപയുടെ കുഴൽപണവുമായി ബെംഗലൂരു സ്വദേശി ഗംഗാരാജു പൊലീസ് പിടിയിലായി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ റെയിൽവെ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാറ്റ്‌ഫോമിൽ നിന്നും ഇയാളെ പിടികൂടിയത്. ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസിൽ പണം ബെംഗലൂരുവിലേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമം.
500ന്റെയും 2000ത്തിന്റെയും നോട്ടുകളാണ് ഇയാളുടെ ബാഗിൽ നിന്നും പിടികൂടിയത്. ബെംഗലൂരുവിലെ വൻകിട റിയൽ എസ്റ്റേറ്റ് കച്ചവടത്തിനായാണ് രേഖകളില്ലാത്ത പണം കടത്താൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാൾക്ക് പണം കൈമാറിയത് ആരെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.