തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ എംഎല്‍എമാരുടെ എണ്ണം വർധിപ്പിക്കുക എന്നതല്ല, കേരളം ഭരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. ദേശീയ അധ്യക്ഷൻ ജെപി നദ്ദ നേരിട്ടെത്തി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് മേല്‍നോട്ടം വഹിക്കുകയാണ്. 40 മണ്ഡലങ്ങൾ എ പ്ലസായി നിശ്ചയിച്ച് മിഷൻ കേരള എന്ന തെരഞ്ഞെടുപ്പ് പദ്ധതിയാണ് ബിജെപി സംസ്ഥാന നേതൃത്വം ആദ്യഘട്ടത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ 71 മണ്ഡലങ്ങളില്‍ ജയം ഉറപ്പിച്ച് കേരളം ഭരിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് ജെപി നദ്ദ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിർദ്ദേശം. ബി.ജെ.പിയുടെ മുന്‍നിര നേതാക്കള്‍ക്കു പുറമെ പൊതു സമ്മതരെയും ജനപ്രിയ സിനിമാ സീരിയല്‍ താരങ്ങളെയും രംഗത്തിറക്കാനാണ് നദ്ദ സംസ്ഥാന നേതാക്കൾക്ക് നല്‍കിയ നിർദ്ദേശം.
നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി, മുന്‍ ഡി.ജി.പിമാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ്, സിനിമാ സീരിയല്‍താരം കൃഷ്ണകുമാര്‍ എന്നിവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പായപ്പോൾ ഇത്തരത്തിലുള്ള കൂടുതല്‍ ആളുകളെ കണ്ടെത്തി ഉചിതമായ മണ്ഡലങ്ങളില്‍ രംഗത്തിറക്കാനും ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാർച്ച് മൂന്നിന് കാസര്‍ഗോഡ് നിന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ നേതൃത്തില്‍ നടക്കുന്ന സംസ്ഥാന ജാഥ അവസാനിച്ചാലുടന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ നേമത്തിനു പുറമേ അഞ്ച് മണ്ഡലങ്ങള്‍ കൂടി പിടിക്കാനാണ് ബി.ജെ.പിയുടെ നീക്കം.
കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂര്‍കാവ്, കാട്ടാക്കട, വര്‍ക്കല എന്നി മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളാണ് കഴക്കൂട്ടവും വട്ടിയൂര്‍കാവും. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരനുമായിരുന്നു കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ഥികള്‍. ഇത്തവണ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരന്‍ തന്നെയാകും ബി.ജെ.പി സ്ഥാനാര്‍ഥി. വട്ടിയൂര്‍കാവില്‍ ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ് മത്സരിക്കും. ബി.ജെ.പിയുടെ ഉറച്ച സീറ്റായ നേമത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ധാരണയായി. കാട്ടാക്കടയില്‍ കഴിഞ്ഞ തവണ മത്സരിച്ച പി.കെ. കൃഷ്ണദാസ് ഇത്തവണയും മത്സരിക്കും. നേതൃത്വവുമായി ഏറക്കാലമായി അകല്‍ച്ച പാലിച്ച ശോഭാ സുരേന്ദ്രനെ വര്‍ക്കലയില്‍ മത്സരിപ്പിക്കാനാണ് ആലോചന.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2020 ഡിസംബറില്‍ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ച വച്ചതാണ് ബി.ജെ.പിക്ക് വര്‍ക്കലയില്‍ പ്രതീക്ഷ നല്‍കുന്നത്. തിരുവനന്തപുരത്ത് നടന്‍ സുരേഷ്‌ഗോപിയെ രംഗത്തിറക്കാനാണ് ആലോചന. നെയ്യാറ്റിന്‍കരയില്‍ ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖനായ രാജശേഖരന്‍നായരെ മത്സരിപ്പിക്കാനാണ് ആലോചന. പാറശാലയില്‍ മുന്‍ ജില്ലാ പ്രിസിഡന്‍റ് കരമന ജയനും നെടുമങ്ങാട്ട് ബി.ജെ.പി മുന്‍ സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാറും സ്ഥാനാര്‍ഥിയാകും. ദളിത് മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സുധീറിനെ ആറ്റിങ്ങല്‍ മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്.
അതേസമയം, സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ മത്സരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം ഇനിയും കൈക്കൊണ്ടിട്ടില്ല. കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ കോന്നിയില്‍ നിന്നോ തൃശൂരില്‍ നിന്നോ സുരേന്ദ്രന്‍ മത്സരിക്കും. തൃശൂരിലേക്ക് നടന്‍ സുരേഷ് ഗോപിയെയും പരിഗണിക്കുന്നുണ്ട്. ബി.ജെ.പിയിലെത്തിയ മുന്‍ ഡിജി.പിമാരായ ടി.പി.സെന്‍കുമാറിനും ജേക്കബ് തോമസിനും തൃശൂര്‍ ജില്ലയില്‍ അവസരം നല്‍കാനാണ് ആലോചന. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ഇരിങ്ങാലക്കുടയിലേക്കാണ് ജേക്കബ് തോമസിനെ പരിഗണിക്കുന്നത്. ടി.പി. സെന്‍കുമാറിനെ ചാലക്കുടിയിലേക്കാണ് പരിഗണിക്കുന്നത്. ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കു കൂട്ടല്‍ നേതൃത്വത്തിനുണ്ട്. അവിടെ എന്‍.എസ്.എസിന്‍റെ കൂടി പിന്തുണയുള്ള ആര്‍. ബാലശങ്കറിനെ മത്സരിപ്പിക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തും കരുത്തുകാട്ടാന്‍ പാര്‍ട്ടി ആലോചിക്കുന്നു. പ്രാദേശികയമായി ഏറെ സ്വാധീനമുള്ള പി.കെ.ഡി നമ്പ്യാരായിരിക്കും ധര്‍മ്മടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി. കോഴിക്കോട് നോര്‍ത്തില്‍ എം.ടി. രമേശിനാണ് മുന്‍ തൂക്കം. എന്നാല്‍ ചെങ്ങന്നൂരില്‍ മത്സരിക്കണമെന്ന ആഗ്രഹമാണ് രമേശ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ മികച്ച മത്സരം കാഴ്ച വയ്ക്കാന്‍ പാര്‍ട്ടിക്കു കഴിയുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. ബി.ജെ.പി സാധാരണ നിലയില്‍ നേടുന്നതിനേക്കാള്‍ 7000നും 15000നും ഇടയില്‍ വോട്ട് അധികമായി ആകര്‍ഷിക്കാന്‍ കഴിയുന്ന മികച്ച പ്രതിച്ഛായയും താഴെ തലത്തിലുള്ള ബന്ധവും പരിഗണിച്ചു വേണം സ്ഥാനാര്‍ഥി നിര്‍ണയം നടത്താനെന്ന നിര്‍ദ്ദേശം ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിട്ടുണ്ട്. ഇതൊക്കെ കണത്തിലെടുത്താകും അന്തിമ സ്ഥാനാര്‍ഥി നിര്‍ണയം. ക്രിസ്തീയ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ക്കും പട്ടികയില്‍ ഇത്തവണ ഇടമുണ്ടാകും.