തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ട വഴി 195 കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം. 2010-14 കാലയളവിൽ മുടങ്ങിക്കിടന്ന സ്‌പോര്‍ട്‌സ് ക്വാട്ട ഒഴിവുകളിലേക്കാണ് നിയമനം നൽകിയത്. നിയമന ഉത്തരവ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. അതേസമയം നിയമനങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് ഭിന്നശേഷി കായിക താരങ്ങളുടെ സംഘടന സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഒരു വർഷം 50 പേരെയാണ് സ്‌പോര്‍ട്‌സ് ക്വാട്ടയിൽ നിയമിക്കേണ്ടത്. ഇതുപ്രകാരം 2010 മുതൽ 2014 വരെയുള്ള അഞ്ച് വർഷത്തെ നിയമനത്തിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് 250 പേർക്ക് നിയമനം നൽകണം. ഹോക്കി താരം പി.ആർ.ശ്രീജേഷിന് പ്രത്യേക പരിഗണനയിൽ നേരത്തെ നിയമനം നൽകിയിരുന്നു. മറ്റൊരു തസ്‌തികയിലെ നിയമനം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒരേ കായിക താരം തന്നെ ഒന്നിലധികം വർഷങ്ങളിലെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 195 പേർ മാത്രമാണ് അഞ്ച് വർഷത്തെ റാങ്ക് പട്ടികയില്‍ ആകെയുള്ളത്. 14 വകുപ്പുകളിലായാണ് നിയമനങ്ങൾ.
കേരള ചരിത്രത്തിലാദ്യമായാണ് ഇത്രയും നിയമനങ്ങൾ സ്‌പോര്‍ട്‌സ് ക്വാട്ട വഴി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതാത് വർഷങ്ങളിലെ ബാക്കി വന്ന ഒഴിവുകളിലേക്ക് നിയമനത്തിന് വൈകാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.യു.ചിത്ര, വിസ്‌മയ എന്നിവർക്ക് ജോലി നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഓരോ വർഷത്തെയും ഒഴിവുകളിലേക്ക് പരിഗണിക്കാൻ, നേരത്തെ നൽകിയ അപേക്ഷകൾ പരിശോധിച്ച്, സെലക്ഷൻ കമ്മിറ്റിയാകും പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.