തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ മാര്‍ച്ച് മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് 135 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ശമ്പളം നല്‍കാന്‍ 70 കോടി രൂപയും പെന്‍ഷന്‍ വിതരണത്തിനായി പ്രഥമിക സഹകരണ സംഘങ്ങള്‍ക്ക് 65.22 കോടി രൂപയുമാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണങ്ങളില്ലാതെ തുക കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറും. തുക അനുവദിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ ശമ്പളം നല്‍കാനാകുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
കൊവിഡിനെ തുടർന്ന് കെ.എസ്.ആര്‍.ടി.യുടെ വരുമാനത്തില്‍ വന്‍ നഷ്‌ടമാണ് ഉണ്ടായത്. ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ ശമ്പള വിതരണം പ്രതിസന്ധിയിലായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ നല്‍കുന്നതിന് പുതുക്കിയ ധാരണപത്രവും അംഗീകരിച്ചു. ഇതോടെ വരും ദിവസങ്ങളില്‍ പെന്‍ഷന്‍ വിതരണവും നടത്തും.