പത്തനംതിട്ട: പ്രിവന്‍റീവ് ഓഫിസർ ഉൾപ്പെടെയുള്ള എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളിൽ രണ്ടുപേർ അറസ്റ്റിൽ. മലയാലപ്പുഴ ചീങ്കൽതടം സ്വദേശികളായ ആവനിലയത്തിൽ വീട്ടിൽ ആകാശ് മോഹൻ (32), അയത്തിൽ പുത്തൻവീട്ടിൽ അരുൺ അജിത് (32) എന്നിവരെയാണ് ഇന്ന് ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒക്‌ടോബർ ഒന്നിന് സീതത്തോട് ഗുരുനാഥൻ മണ്ണിൽ റെയ്‌ഡിന് എത്തിയപ്പോൾ, പോസ്റ്റ് ഓഫിസിനു മുൻവശം വച്ച് പ്രിവന്‍റീവ് ഓഫിസർ പ്രസാദിനും ഒപ്പമുണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് ആക്രമണമുണ്ടായത്.
കേസിലെ ഏഴും എട്ടും പ്രതികളാണ് ആകാശും അരുണും. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച ഇരുവരും, കോടതി നിർദേശപ്രകാരം സ്റ്റേഷനിൽ ഹാജരായതിനെതുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ ദിവസം ഉച്ചയ്ക്ക് മൂന്ന് വാഹനങ്ങളിലായെത്തിയ പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും പ്രിവന്‍റീവ് ഓഫിസറുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
പ്രസാദ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഇദ്ദേഹത്തിന്‍റെ മൊഴി എടുത്ത് ചിറ്റാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. പൊലീസ് അന്വേഷണത്തിൽ സംഭവ സ്ഥലത്തിന് കുറച്ചകലെ ഒളിപ്പിച്ച നിലയിൽ പ്രതികൾ സഞ്ചരിച്ച ജീപ്പ് കണ്ടെടുത്തിരുന്നു. മറ്റ് വാഹനങ്ങളായ രണ്ട് സ്‌കൂട്ടറുകൾ എക്സൈസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.
അന്വേഷണത്തിനിടെ പ്രതികൾ ഒളിവിൽ പോയി. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. പൊലീസ് ഇൻസ്‌പെക്‌ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.