പത്തനംതിട്ട : റാന്നിയിൽ കൂടെ താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അതുല്‍ സത്യന്‍ പിടിയില്‍. ഇന്നലെ രാവിലെ റാന്നി ഉതിമൂട് ഡിപ്പോപ്പടിയിൽ വച്ചാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിനിടെ പ്രതിക്കും പരിക്കേറ്റിരുന്നതിനാൽ ഇയാളെ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യുന്നതിന് അനുസരിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്‌ച രാത്രി എട്ടരയോടെയാണ് റാന്നി കീക്കൊഴൂര്‍ സ്വദേശി രജിത മോളെ (27) അതുല്‍ സത്യന്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ രജിതയുടെ മാതാപിതാക്കളായ രാജുവിനും ഗീതയ്ക്കും സഹോദരി അപ്പുവിനും പരിക്കേറ്റിരുന്നു. പിതാവായ രാജുവിന്‍റെ പരിക്ക് ഗുരുതരമായതിനാൽ ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകം, ലഹരിമരുന്ന് കച്ചവടം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുലെന്ന് പൊലീസ് പറഞ്ഞു. മറ്റൊരാളുടെ ഭാര്യയായ രജിതയുമൊത്ത് താമസിച്ചുവരികയായിരുന്നു പ്രതി. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ഇയാളുടെ ശാരീരിക-മാനസിക പീഡനവും സഹിക്കവയ്യാതായപ്പോൾ രജിതയുടെ പിതാവ് മകളെയും രണ്ട് കുട്ടികളെയും വീട്ടിൽ കൂട്ടിക്കൊണ്ടു വന്നിരുന്നു.
എന്നാല്‍ തന്നോടൊപ്പം തിരികെവരണമെന്ന് ആവശ്യപ്പെട്ട് രജിതയെ അതുല്‍ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തി. തന്‍റെ കൂടെ വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്ന യുവാവ് ശനിയാഴ്‌ച രാത്രിയിൽ വടിവാളുമായി വീട്ടിലെത്തി യുവതിയെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു.
തടയാൻ ശ്രമിച്ചതോടെയാണ് യുവതിയുടെ മാതാപിതാക്കൾക്കും സഹോദരിക്കും പരിക്കേറ്റത്. രാജുവിന്‍റെ ഇടതുകയ്യിൽ മസിലിനും ഇടതു കക്ഷത്തിന് താഴെയും, ഗീതയുടെ ഇരുകൈകൾക്കും, സഹോദരിയുടെ ഇടതുകൈയുടെ മസിൽ ഭാഗത്തും മാരകമായി മുറിവേറ്റിരുന്നു.
ഇയാളുടെ ഭീഷണി സംബന്ധിച്ച് ഇവർ പൊലീസിൽ പരാതി നൽകിയത് പ്രകോപനമുണ്ടാക്കിയതായി കരുതുന്നു. തുടര്‍ന്ന് പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതകം. പരാതിക്ക് പിന്നാലെ കഴിഞ്ഞദിവസം അതുലിനെ തേടി ഇയാളുടെ വീട്ടിൽ പോയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണം.
ഒപ്പമിരുന്നു മദ്യപിച്ച സുഹൃത്തിനെ മർദിച്ചുകൊന്നതടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് അതുൽ. 2020 ൽ റാന്നി തോട്ടമൺ പൊവ്വത്ത് മേൽമുറിയിൽ രാജീവ് കുമാറിനെയാണ് (38) കൊലപ്പെടുത്തിയത്. അതേ വർഷം തന്നെ ലിജോ സി തോമസ് എന്നയാളെ മർദിച്ച കേസിലും വിചാരണ നേരിട്ടിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ലഹരിക്കടത്ത് തുടരുകയായിരുന്നു. കഞ്ചാവ് കടത്തിന് റാന്നി എക്സൈസിന് കീഴിലാണ് കേസുള്ളത്. സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ നല്ല നടപ്പിന് ബോണ്ട് വയ്ക്കുന്നതിനായി തിരുവല്ല ആർഡിഒ കോടതിയിൽ നടപടികൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.