പത്തനംതിട്ട: ജൂൺ മാസത്തില്‍ നിറഞ്ഞൊഴുകിയിരുന്ന അച്ചൻകോവിലാറില്‍ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ട ജില്ല ആശങ്കയില്‍. അരുവാപ്പുലം, കോന്നി, പ്രമാടം, വള്ളിക്കോട്, ഓമല്ലൂർ, തുമ്പമൺ, ചെന്നീർക്കര, പന്തളം തുടങ്ങിയ ഗ്രാമപഞ്ചായത്തുകൾക്കും പത്തനംതിട്ട നഗരസഭയ്ക്കും നദിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.
ഒമ്പത് ശുദ്ധജലവിതരണ പദ്ധതികളാണ് നദിയിലുള്ളത്. എന്നാൽ നദിയില്‍ ജലനിരപ്പ് താഴ്ന്നതോടെ അച്ചൻകോവിലാറിനെ ആശ്രയിച്ച് കഴിയുന്നവർ കുടിവെള്ളമില്ലാതെ പ്രതിസന്ധിയിലായി. തീരങ്ങളിലെ കിണറുകളും ജലാശയങ്ങളും നേരത്തെ തന്നെ വറ്റിവരണ്ടു. ജലവിതരണ പദ്ധതികളുടെ പ്രവർത്തനവും ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. നദിയില്‍ വെള്ളമില്ലാതായതോടെ കാർഷിക മേഖലയും പ്രതിസന്ധിയിലാണ്. തുലാവർഷം ചതിച്ചതാണ് പുഴ വറ്റാൻ കാരണമെന്ന് തീരങ്ങളില്‍ താമസിക്കുന്നവർ പറയുന്നു. തീരങ്ങളിൽ കുഴി കുത്തിയാണ് ആവണിപ്പാറ ആദിവാസി കോളനിയിലുള്ളവർ കുടിവെള്ളം എടുക്കുന്നത്.