പത്തനംതിട്ട: പത്തനംതിട്ട നഗരസഭ പ്രദേശത്ത് മാലിന്യ ശേഖരണത്തിനായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ തീരുമാനം. ജില്ലാ കലക്ടര്‍ പിബി നൂഹിന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. പതിനഞ്ച് ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും ചുമതലപ്പെടുത്തല്‍. നഗരത്തിലെ വ്യാപരികളുടെ കടകളില്‍ നിന്ന് മാലിന്യം ശേഖരിക്കും. കഴിവതും ജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്‌കരിക്കണം. ഇതിനു സൗകര്യമില്ലാത്ത വീടുകളിലെ മാലിന്യം ശേഖരിക്കാന്‍ സംവിധാനം ഒരുക്കും.
വീണാ ജോര്‍ജ് എംഎല്‍എ, നഗരസഭ അധ്യക്ഷ ഗീത സുരേഷ്, എ ഡി എം ക്ലമന്റ് ലോപ്പസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
പത്തനംതിട്ട നഗരസഭയിലെ മുപ്പത്തിരണ്ട് വാര്‍ഡുകളിലെയും അജൈവ മാലിന്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഉടന്‍ ആരംഭിക്കും. നിലവില്‍ നഗരസഭയില്‍ 300 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം പ്‌ളാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിനായി നിര്‍മ്മിച്ചിരുന്നു. എന്നാല്‍, സ്ഥല പരിമിതി കണക്കിലെടുത്ത് ഒരു മാസത്തിനകം 900 സ്‌ക്വയര്‍ഫീറ്റ് വരുന്ന ഒരു കെട്ടിടം കൂടി സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിന് സ്ഥലമില്ലാത്ത നഗരത്തിലെ വീടുകളില്‍ ബിന്നുകളും റിങ് കംപോസ്റ്റുകളും നല്‍കുന്നതിന് ഈ മാസം 28ന് നടക്കുന്ന ജില്ലാ ആസൂത്രണസമിതിയില്‍ പത്തനംതിട്ട നഗരസഭ പദ്ധതി സമര്‍പ്പിക്കും.