പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ എലിയറയ്ക്കലിലെ അമൃത വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കൂളിലെ നാല് സ്ട്രോങ് റൂമുകളിലായി ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് സൂക്ഷിച്ചിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിലാണ് സുരക്ഷ. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ്, കേരള ആംഡ് പൊലീസ് ഫോഴ്സ്, കേരളാ പൊലീസ് എന്നിവരടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതല. സ്ട്രോങ് റൂം ഉള്‍പ്പെട്ട സുരക്ഷാമേഖലയില്‍ മൂന്ന് തട്ടുകളായി ഒരു ദിവസം 15 പേരെയാണ് സര്‍വ സന്നാഹങ്ങളോടും കൂടി ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഇത് കൂടാതെ സ്ട്രോങ് റൂം, ഇടനാഴി, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകളും സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്.
മണ്ഡലത്തിലെ 212 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ 22 ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സീല്‍ ചെയ്തു സുരക്ഷാ സേനയ്ക്ക് കൈമാറിയത്. പുലര്‍ച്ചെ ഒരു മണിയോടെ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. എന്‍.വി പ്രസാദ്, ജില്ലാ കലക്ടര്‍ പി.ബി നൂഹ് എന്നിവരുടെ സാന്നിധ്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ എം.ബി ഗിരീഷാണ് സ്ട്രോങ് റൂമുകള്‍ സീല്‍ ചെയ്തത്.