പത്തനംതിട്ട: ഉത്ര കൊലപാതകത്തിൽ അന്വേഷണ സംഘം അടൂരിലെ ബാങ്ക് ലോക്കറില്‍ പരിശോധന പൂർത്തിയാക്കി. 10 പവൻ സ്വർണം ലോക്കറിൽ നിന്ന് കണ്ടെത്തി. പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതി സൂരജിനെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആറ് പവൻ സ്വർണം ഈടായി കാണിച്ച് കാർഷിക വായ്പ എടുത്തതായും തെളിഞ്ഞിട്ടുണ്ട്. നേരത്തേ മൂപ്പത്തി ഏഴര പവൻ സ്വര്‍ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനാണ് ഇത് കാണിച്ചുകൊടുത്തത്. ശേഷിക്കുന്ന സ്വർണാഭരണങ്ങളിൽ ചിലത് ഉത്രയുടെ വീട്ടുകാർക്ക് കൈമാറി എന്നാണ് മൊഴി. 90 പവൻ സ്വർണം വിവാഹ സമയത്ത് നൽകിയെന്നാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകിന്‍റെ നേതൃത്വത്തിൽ 12.40 ന് ആരംഭിച്ച പരിശോധന വൈകിട്ട് നാലിനാണ് അവസാനിച്ചത്. പിന്നീട് സൂരജിനെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ശേഷിക്കുന്ന സ്വർണം വിനിയോഗിച്ചതിന്‍റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. പ്രതിയുടെ അമ്മക്കും സഹോദരിക്കും കൊലപാതക ഗൂഢാലോചന ഉൾപ്പെയുള്ള കാര്യങ്ങളിൽ പങ്കാളിത്തം ഉണ്ടോ എന്നറിയാൻ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. സ്വർണം കുഴിച്ചിട്ട കാര്യം അറിയാമായിരുന്നെന്ന് സൂരജിന്‍റെ അമ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നെങ്കിലും കൊലപാതകത്തെകുറിച്ച് അറിയില്ലെന്നായിരുന്നു മൊഴി.