പത്തനംതിട്ട: സോഡാകുപ്പി കൊണ്ട് ഒരാളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരി ആഞ്ഞിലിപ്പാറ വിശാഖ് (25), റാന്നി മന്ദിരം പള്ളിപ്പടി പുറന്തേൻ കുന്നേൽ ജോജി പി ജോസഫ് (36) എന്നിവരാണ് അറസ്റ്റിലായത്. പ്രകാശ് കുമാർ എന്നയാള്‍ക്കാണ് മാരകമായി കുത്തേറ്റത്.
ഈമാസം 22ന് രാത്രി 10.30ന് കോഴഞ്ചേരി പാർക്ക് ബാറിന്‍റെ പാർക്കിങ് ഗ്രൗണ്ടിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം. പാർക്കിങ് ഗ്രൗണ്ടിൽ വച്ച് ബഹളമുണ്ടാക്കിയ പ്രതികളോട് പ്രകാശ് കുമാർ പോകാൻ പറഞ്ഞു. ഇതിലുണ്ടായ വിരോധത്തിൽ പ്രതികൾ പ്രകാശ് കുമാറിനെ മർദ്ദിക്കുകയായിരുന്നു.
ഒന്നാം പ്രതി വിശാഖ് സോഡാക്കുപ്പി അടിച്ചുപൊട്ടിച്ച ശേഷം പ്രകാശിന്‍റെ വൃഷണത്തിൽ കുത്തി. ഈ സമയം രണ്ടാം പ്രതി ജോസഫ് പിന്നിൽ നിന്നും പിടിച്ചുനിർത്തിക്കൊടുക്കുകയായിരുന്നു. പ്രകാശിന്‍റെ ഒപ്പമുണ്ടായിരുന്ന രൺധീപ് എന്നയാൾ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ, രണ്ടാം പ്രതി കയ്യിലിരുന്ന സോഡാക്കുപ്പിക്കൊണ്ട് രൺദീപിന്‍റെ തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്‌തു.
തുടർന്ന് ഒന്നാം പ്രതി പ്രകാശിന്‍റെ നെഞ്ചിൽ കുത്തിയെങ്കിലും, ഇടതുകൈകൊണ്ട് തടഞ്ഞതിനാൽ ഇടതുകൈയ്യിൽ ആഴത്തിൽ മുറിവേറ്റു. നെഞ്ചിൽ മുറിവും ചതവും സംഭവിക്കുകയും ചെയ്തു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രകാശിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു.
പോലീസ് ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.പ്രതികളുടെ അറസ്റ്റ് അന്ന് വൈകിട്ടോടെ രേഖപ്പെടുത്തി. കുത്താനുപയോഗിച്ച സോഡാക്കുപ്പി പൊലീസ് കണ്ടെടുത്തു.
ALSO READ: കൊച്ചിയില്‍ രക്തചന്ദന വേട്ട; ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 2000 കിലോ രക്തചന്ദനം പിടികൂടി