ശബരിമല: അഗസ്ത്യാർ കൂടത്തിലെ ആദിവാസികൾ പതിവ് തെറ്റിക്കാതെ ഇത്തവണയും അയ്യപ്പദർശനത്തിന് ശബരിമലയിലെത്തി. ഊരുമൂപ്പൻ മാതേയൻ കാണിയുടെ നേതൃത്വത്തിലുള്ള 101 അംഗ സംഘമാണ് വനവിഭവങ്ങളുമായി അയ്യപ്പ സന്നിധിയിലെത്തിയത്. അഗസ്ത്യാർ മലയുടെ അടിവാരത്ത് താമസിക്കുന്നവരാണ് കാണി വിഭാഗക്കാർ. എല്ലാവർഷവും മണ്ഡലകാലത്ത് അയ്യന് സമർപ്പിക്കാനായി വനവിഭവങ്ങളുമായി ഇവർ ശബരിമലയിലെത്താറുണ്ട്.
21 ദിവസത്തെ വ്രത ശുദ്ധിയോടെയാണ് ഇവർ മല ചവിട്ടുന്നത്. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റാണ് ഇവരെ ശബരിമലയിൽ എത്തിക്കുന്നത്. പതിനെട്ടാം പടി ചവിട്ടി സോപാനത്തെത്തിയ സംഘം വനവിഭവങ്ങൾ അയ്യപ്പന് സമർപ്പിച്ചു. ഇത്തവണ 17 മാളികപ്പുറങ്ങളുമായി മല ചവിട്ടിയ സംഘം വരും വർഷങ്ങളിലും കാനനവിഭവങ്ങളുമായി അയ്യനെ കാണാൻ എത്തുമെന്ന് പറഞ്ഞാണ് മലയിറങ്ങിയത്.