പത്തനംതിട്ട : അരനൂറ്റാണ്ടോളം തിരുവല്ല ഓതറ പഴയകാവിന്‍റെ ഭാഗമായി നിന്ന പേരാൽമരം കനത്ത മഴയിൽ കടപുഴകി. ഞായർ പുലർച്ചെ ഒന്നരയോടെയാണ് വന്മരം കടപുഴകിയത്. വൻ ശബ്ദത്തോടെ മരം കടപുഴകി വീണത് സമീപവാസികളാണ് ആദ്യം അറിഞ്ഞത്. തുടർന്ന് അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചെങ്കിലും രാത്രിയിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് രാവിലെ ഒൻപതരയോടെ ഗ്രാമപഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ മരം വെട്ടിനീക്കാനാരംഭിച്ചു. നേരത്തേ മരം വെട്ടിനീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിൽ കത്ത് നൽകിയിരുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
നേരത്തേ രൂക്ഷമായ വെള്ളക്കെട്ടുള്ള ഇവിടെ അടുത്തിടെ പൊതുമരാമത്ത് വകുപ്പ് ഫണ്ട് ഉപയോഗിച്ച് ഇന്‍റര്‍ലോക്കിടുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. വെള്ളം ഒഴുകിപ്പോകുന്നതിന് കോൺക്രീറ്റ് കൊണ്ട് പാത്തിയും നിർമിച്ചിരുന്നു. പേരാൽ നിന്നതിന് അടിയിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ് മറിഞ്ഞു വീണപ്പോൾ കണ്ടത്. ഓതറയുടെ രണ്ട് പ്രധാനപ്പെട്ട പ്രദേശ സൂചികകളില്ലെല്ലാം ആൽ പ്രധാന പങ്ക് വഹിക്കുന്നു. ഓതറ ആൽത്തറ കവലയായ പ്രധാന കവലയിൽ അരയാൽ മരം തറകെട്ടി സംരക്ഷിക്കുന്നുണ്ട്. പഴയകാവിനെ അടയാളപ്പെടുത്തുന്ന വന്മരമാകട്ടെ പേരാൽ മരവും. മറ്റൊരു പ്രധാന ജങ്ഷനായ മാമ്മൂട് ജങ്ഷനിൽ കെപിഎംഎസ് മന്ദിരത്തോട് ചേർന്നും വൻ പേരാൽമരം ഉണ്ട്. വഴി ചോദിച്ചെത്തുന്നവർ സ്ഥിരമായി അടയാളം പറയുന്നത് ആൽത്തറയും പഴയകാവിലെ ആൽമരവുമൊക്കെയായിരുന്നു. അതൊകൊണ്ടു തന്നെ പേരാൽമരം വീണത് വിദേശത്തും സ്വദേശത്തുമുള്ള പ്രദേശവാസികൾക്ക് ദുഖകരമായ വാർത്തയായി മാറി.
രാവിലെ മരം വെട്ടാനാരംഭിച്ചെങ്കിലും വൈകുന്നേരത്തോടെയാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. അഗ്നിരക്ഷാ സേനയ്ക്ക് പുറമേ നാട്ടുകാരുടെ ശ്രമദാനത്തിനൊപ്പം തടിമുറിക്കുന്ന അഞ്ച് യന്ത്രങ്ങളും അഗ്നിരക്ഷാസേനയുടെ ഒരു യന്ത്രവും മരം വെട്ടിമാറ്റുന്നതിന് ഉപയോഗിച്ചു. വിദഗ്ധരായ തൊഴിലാളികളുടെ സഹായമുണ്ടായിട്ടും വൈകിട്ട് ഏഴ് മണിയോടെയാണ് പേരാൽമരം വെട്ടിമാറ്റുന്നത് പൂർത്തിയാക്കിയത്. കൂറ്റൻ തടിക്കഷണങ്ങൾ ജെസിബിയും ടിപ്പറും ഉപയോഗിച്ച് റോഡ് പുറമ്പോക്കിലേക്ക് മാറ്റി. മരം വീഴുന്നതിന് അരമണിക്കൂർ മുൻപാണ് ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ആംബുലൻസ് ഇതുവഴി കടന്നുപോയത്. ഒഇഎം പബ്ലിക് സ്കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് ക്വാറന്‍റൈൻ കേന്ദ്രത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് അവരെയെല്ലാം ഐജിഒ ക്യാമ്പസിലെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായാണ് ആംബുലൻസ് പോയത്.