പത്തനംതിട്ട: മലയാലപ്പുഴയിൽ കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായെത്തിയ ട്രാക്‌ടര്‍ നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ മരിച്ചു. പീരുമേട് സ്വദേശി അഭിലാഷാണ്(38) മരിച്ചത്.
വ്യാഴാഴ്‌ച വൈകിട്ട് 4.45നാണ് സംഭവം. തെക്കുംമലയില്‍ റോഡ് നിര്‍മാണത്തിനായെത്തിച്ച ടാര്‍ മിക്‌സര്‍ തിരികെ കൊണ്ട് പോകുന്നതിനിടെ ഇറക്കത്തിലെത്തിയപ്പോള്‍ പിന്നില്‍ ഘടിപ്പിച്ച ടാര്‍ മിക്‌സര്‍ ട്രാക്‌റില്‍ വന്നിടിച്ചു. ഇതോടെ നിയന്ത്രണം വിട്ട ട്രാക്‌ടര്‍ 20 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. ട്രാക്‌ടര്‍ മറിഞ്ഞതോടെ ഡ്രൈവര്‍ വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു.
നാട്ടുകാരെത്തി അഭിലാഷിനെ പുറത്തെടുത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മലയാലപ്പുഴ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.