പത്തനംതിട്ട: തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്ത് കാര്‍ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കുമളി ചക്കുപാലം സ്വദേശി ചാണ്ടി മാത്യു, മക്കളായ ഫേബാ ചാണ്ടി, ബ്ലസി ചാണ്ടി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഏഴരയോടെയാണ് തോട്ടില്‍ മറിഞ്ഞു കിടന്ന കാര്‍ കണ്ടത്.
വെണ്ണിക്കുളം-ഇരവിപേരൂര്‍ റോഡില്‍ കല്ലുപാലം പെട്രോള്‍ പമ്പിന് സമീപം കല്ലുപാലത്തില്‍ വച്ച് നിയന്ത്രണം തെറ്റിയ കാര്‍, കനത്ത മഴയിൽ നിറഞ്ഞൊഴുകിയ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം. തോട്ടിലേക്ക് മറിഞ്ഞ കാര്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പുറത്തെടുത്തത്. ഫേബയും ബ്ലസിയും അപകടസ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

നിയന്ത്രണം വിട്ട് മറിഞ്ഞു: മറ്റൊരു വാഹനത്തിന് സൈഡ് നൽകി പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. വളഞ്ഞവട്ടം പരുമല ഗ്രിഗോറിയോസ് കോളജില്‍ ബിസിഎയ്ക്ക് പഠിക്കുകയാണ് ബ്ലസി. മാവേലിക്കര ടിജൂസ് അക്കാദമിയിലെ വിദ്യാര്‍ഥിയാണ് ഫെബ.
കുട്ടികളെ കോളജില്‍ വിടാന്‍ വേണ്ടി വന്നതാണെന്നാണ് കരുതുന്നത്. അപകടം നടന്നയുടൻ ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നത് കാരണം രക്ഷപ്രവർത്തനം വൈകി. നാട്ടുകാരും തിരുവല്ല ഫയര്‍ ഫോഴ്‌സ് സംഘവും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ തിരുവല്ല താലൂക്ക് ആശുപത്രി, കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി.
Also read: അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്ആർടിസി ബസ് ഇടിച്ചു: വയോധികന് ദാരുണാന്ത്യം