പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. തുകലശേരി നന്ദാവനത്തിൽ ജയകൃഷ്ണൻ (24), ചങ്ങനാശേരി മാടപ്പള്ളി പാലാഴിയിൽ അനന്തകൃഷ്ണൻ (23) എന്നിവർക്കാണ് വെട്ടേറ്റത്.
ഞായറാഴ്ച രാത്രി പത്തരയോടെ എംസി റോഡിൽ മഴുവങ്ങാടിന് സമീപത്തെ ബാർബി ക്യൂ ഹോട്ടലിന് മുമ്പിലായിരുന്നു സംഭവം. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ജയകൃഷ്‌ണനെ മാരകായുധങ്ങളുമായെത്തിയ എത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. ജയകൃഷ്ണനൊപ്പമുണ്ടായിരുന്നവർ നടത്തിയ പ്രത്യാക്രമണത്തിലാണ് അനന്തകൃഷ്ണന് വെട്ടേറ്റത്. എബിവിപി, എസ്‌എഫ്‌ഐ പ്രവർത്തകരായിരുന്ന ജയകൃഷ്ണനും അനന്തകൃഷ്ണനും തമ്മിൽ കോളജ് പഠനകാലത്ത് നിലനിന്നിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും കൈപ്പത്തികൾക്കാണ് പരിക്ക്.
ജയകൃഷ്ണൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും അനന്തകൃഷ്ണൻ കോട്ടയത്തെ സ്വകാര്യ ആശുപതിയിലും ചികിത്സയിലാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി 12 പേരെ പ്രതി ചേർത്തതായി പൊലീസ് അറിയിച്ചു.