പത്തനംതിട്ട: തറയിൽ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പത്തനംതിട്ട ഡിവൈഎസ്‌പി ഓഫിസിലെത്തി കീഴടങ്ങി. ഓമല്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തറയിൽ ഫിനാൻസിന്‍റെ ഉടമ സജി സാം ആണ് പൊലീസിൽ കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോടികളുടെ തട്ടിപ്പ് കേസിൽ പൊലീസ് ഊർജിത അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയുടെ കീഴടങ്ങൽ. സ്ഥാപനത്തിന്‍റെ ശാഖകൾ അടച്ചു പൂട്ടിയശേഷം ഇയാളും കുടുംബവും രണ്ടാഴ്ചയായി ഒളിവിൽ കഴിയുകയായിരുന്നു.
വെട്ടിച്ചത് 49 കോടിയോളം രൂപ
പോപ്പുലര്‍ ഫിനാന്‍സിന്‍റെ കോടികളുടെ തട്ടിപ്പിന് പിന്നാലെയാണ് 70 കോടിയോളം രൂപ നിക്ഷേപമുള്ള പത്തനംതിട്ട ഓമല്ലൂരിലെ തറയില്‍ ഫിനാന്‍സിനെതിരെ പരാതി ഉയർന്നത്. ഫിനാൻസ് ഉടമകൾ പണം തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
14 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തപ്പോൾ തന്നെ 49 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തു വന്നത്. ഇതിന് ശേഷവും സ്ഥാപനത്തിനെതിരെ നിക്ഷേപകരുടെ പരാതി ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓമല്ലൂരിന് പുറമെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ ബാങ്കിന് ശാഖകളുണ്ട്.
നാൽപ്പത് വർഷത്തെ പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനം നിരവധി ഇടപാടുകാരിൽ നിന്നായി 70 കോടി രൂപയോളം നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. ഉയർന്ന പലിശ നൽകി വന്നതിനാൽ പലരും ലക്ഷങ്ങളാണ് ഇവിടെ നിക്ഷേപം നടത്തിയത്.
Also Read: വൈകല്യങ്ങളോട് പൊരുതി ലത്തീഷ യാത്രയായി
കഴിഞ്ഞ ഫെബ്രുവരി മാസം വരെ നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ നൽകിയിരുന്നു. എന്നാൽ പലിശ നൽകുന്നതിൽ മുടക്കം വന്നതോടെയാണ് പരാതികൾ ഉയർന്നുതുടങ്ങിയത്. 10 ലക്ഷം രൂപ തറയിൽ ഫിനാൻസിൽ നിക്ഷേപിച്ച ഒരു ഇടപാടുകാരനാണ് ആദ്യം പൊലീസിൽ പരാതി നൽകുന്നത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയെ തുടര്‍ന്ന് പൊലീസ് നിക്ഷേപകനെയും ഫിനാൻസ് ഉടമ സജി സാമിനേയും സ്റ്റേഷനിൽ വിളിപ്പിച്ച് ചർച്ച നടത്തിയിരുന്നു. ഇതനുസരിച്ചു ഏപ്രില്‍ മാസം 30 ന് പണം തിരികെ നല്‍കാമെന്ന വ്യവസ്ഥ സജി സാം സമ്മതിച്ചു. പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതിനാൽ പൊലീസ് അന്ന് കേസെടുത്തിരുന്നില്ല.
എന്നാൽ പറഞ്ഞ അവധിയില്‍ സജി സാം നിക്ഷേപകന് പണം തിരികെ നൽകിയില്ല. സംഭവം പുറത്തറിഞ്ഞതോടെ നിക്ഷേപകരിൽ പലരും പണം പിൻവലിക്കാൻ തറയിൽ ഫിനാൻസിന്‍റെ വിവിധ ശാഖകളിലെത്തിയെങ്കിലും സ്ഥാപനത്തിന്‍റെ ശാഖകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു.
തട്ടിപ്പ് പുറത്തറിഞ്ഞതോടെ പ്രതി മുങ്ങി
ശാഖകൾ അടച്ചുപൂട്ടിയതറിഞ്ഞ നിക്ഷേപകർ സജി സാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഓമല്ലൂരിലുള്ള ഇയാളുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവർ വീടു പൂട്ടി പോയിരിക്കുകയാണെന്നാണ് അയൽവാസികൾ ഇവിടെയെത്തിയ നിക്ഷേപകരോട് പറഞ്ഞത്.
നിക്ഷേപകര്‍ക്ക് നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റ് എല്‍എല്‍പി (ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്‌ണര്‍ഷിപ്പ്) ആയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. എല്‍എല്‍പി ആയതിനാല്‍ നിക്ഷേപകര്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ ആയി മാറും. കമ്പനിക്ക് ലാഭമോ നഷ്ടമോ സംഭവിച്ചാല്‍ അത് ഷെയര്‍ ഹോള്‍ഡര്‍മാര്‍ സഹിക്കേണ്ടി വരും.
തുടക്കത്തിൽ അടൂര്‍ സ്‌റ്റേഷനില്‍ പത്തും പത്തനംതിട്ടയില്‍ നാലും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ടയില്‍ നിന്ന് 30 കോടിയും ഓമല്ലൂരില്‍ നിന്ന് 13 കോടിയും അടൂരില്‍ നിന്ന് ആറ് കോടിയും തട്ടിയെടുത്തതായാണ് പ്രാഥമിക കണക്കുകൾ. തട്ടിപ്പിന്‍റെ കൃത്യമായ കണക്ക് കീഴടങ്ങിയ പ്രതി സജി സാമിനെ ചോദ്യം ചെയ്യുന്നതിലൂടെയേ മനസിലാക്കാനാകൂ.