പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണ പരിധിയിലാകും വരിക. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ നൽകിയത്.
കേസിൽ സ്ഥാപന ഉടമ സജി സാമിൻ്റെ ഭാര്യ റാണിയെയും പ്രതിചേര്‍ത്തു. സജി സാമിനെയും റാണിയേയും പ്രതി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. നിലവിൽ റാണി ഒളിവിലാണ്. റാണിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
സജി സാമിൻ്റെ ഭാര്യ ഒളിവിൽ
പുനലൂരില്‍ കുടുംബ വീടുളള റാണി, ബന്ധുക്കളായ ചിലരുടെ ഒപ്പം കഴിയുന്നുതായാണ് സൂചന. സജി സാമിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം, പ്രതികളുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ തേടി പൊലീസ് രജിസ്‌ട്രേഷന്‍ വകുപ്പിനെ സമീപിച്ചു. ഇരുവരുടെയും പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള സ്വത്തുക്കളുടെ വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ ഐജിക്കാണ് കത്തയച്ചത്.
Read more: തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: സജി സാമിൻ്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തി
പണമിടപാട് സ്ഥാപനം പൂട്ടുന്നതിന് തൊട്ട് മുന്‍പായി പ്രതികള്‍ നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ അസാധുവാക്കാനുളള സാധ്യതയും പരിശോധിക്കുന്നുണ്ട്. തറയില്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് പത്തനംതിട്ട, അടൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇതുവരെ 61 കേസുകലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.