പത്തനംതിട്ട: പേ വിഷ ബാധയുടെ ലക്ഷണങ്ങളോടെ വീട്ടുമുറ്റത്ത് കയറിയ തെരുവ് നായയെ അതിസാഹസികമായി പിടികൂടി ഡോഗ് ക്യാച്ചേഴ്‌സ്. ഇന്ന് (സെപ്‌റ്റംബര്‍ 20) രാവിലെ 10 മണിക്ക് ഓമല്ലൂരില്‍ പന്തളത്താണ് സംഭവം. വീട്ടുമുറ്റത്ത് കയറിയ നായ പുറത്ത് പോകാതിരിക്കാന്‍ നാട്ടുകാര്‍ ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ 'ആരോ' (ആനിമല്‍ റെസ്ക്യു ഓപ്പറേഷൻ) ഡോഗ് ക്യാച്ചേഴ്‌സ് സംഘമാണ് നായയെ പിടികൂടിയത്. ബട്ടര്‍ഫ്ലൈ നെറ്റ് ഉപയോഗിച്ചാണ് നായയെ പിടികൂടിയത്. തുടര്‍ന്ന് പേ വിഷ ബാധ ലക്ഷണങ്ങളുള്ളത് കൊണ്ട് മയക്കുമരുന്ന് കുത്തിവച്ച് സുരക്ഷിതയിടത്തേക്ക് മാറ്റി. നായ നിരീക്ഷണത്തിലാണ്.
സംഭവത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പന്തളത്തെ പ്രധാന റോഡിനോട് ചേര്‍ന്നുള്ള തുളസി വിജയൻ എന്ന സ്ത്രീയുടെ വീട്ടിലാണ് നായ കയറിയത്. വീട്ടില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്. തുളസി വീട്ടിന് പുറത്തിറങ്ങാതിരുന്നതിനാല്‍ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
വീട്ട് മുറ്റത്തെത്തിയ നായ പേവിഷ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ സമീപവാസികളെ അറിയിക്കുയായിരുന്നു. അവരെത്തി ഗേറ്റ് പൂട്ടി. മതില്‍ ചാടി കടക്കാന്‍ നായ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.