പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി തുറന്ന ശബരിമല ശ്രീധർമ്മശാസ്‌ത ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി. 2023 ഡിസംബർ 30ന് തുറന്ന ക്ഷേത്രം ജനുവരി 21 ന് ആറ് മണിക്ക് അടയ്ക്കും(Sabarimala Nada Will Be Closed On January 21). ജനുവരി 20ന് രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ. 21ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ല.
ബുധനാഴ്‌ച മല കയറിയ ഭക്തർക്ക് പടി പൂജ വേറിട്ട ഒരു അനുഭവമാണ് പകർന്നത്. നിരവധി ഭക്തരാണ് പടിപൂജ കാണാൻ സന്നിധാനത്ത് എത്തിയത്. മണ്ഡല മകരവിളക്ക് കാലത്ത് തിരക്ക് കാരണം പടിപൂജ ഉണ്ടായിരുന്നില്ല. അതേസമയം, 19 രാവിലെ 9 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂ. 19ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തെ മണിമണ്‌ഠപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്‍റെ എഴുന്നള്ളത്ത് നടക്കും. 20ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചാൽ ഉടൻ തന്നെ മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി നടക്കും. 21ന് പുലർച്ചെ അഞ്ച് മണിക്കാണ് തിരുനട തുറക്കുക. 5.30ഓടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കും. ആറ് മണിക്ക് നട അടയ്ക്കുന്നതോടെ 2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്‌തിയാകും.
Also Read : പുഷ്‌പാലംകൃതമായി പതിനെട്ടാംപടി, ദീപപ്രഭയും ; സന്നിധാനത്ത് പടിപൂജ