പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് (Makara Vilak) തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി (PATHANAMTHITTA KSRTC) ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബ്ബിന്‍റെ (Hub) പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസാണ് ട്രയല്‍ റണ്ണായി ആരംഭിച്ചത്. രണ്ടുദിവസമാണ് ട്രയല്‍ റണ്‍ നടക്കുക.
മറ്റ് ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്പയ്ക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബ്ബിലെ രണ്ടുമണിക്കൂര്‍ വിശ്രമത്തിന് ശേഷം പത്തനംതിട്ട-പമ്പ കണക്‌ട് ബസുകളില്‍ യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ശബരിമല ഹബ്ബിനോടനുബന്ധിച്ചുള്ള സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസും പ്രവര്‍ത്തനം ആരംഭിച്ചു.
തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പമ്പയിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവില്‍ ഒരുക്കിയിട്ടുള്ളതെന്നും കെ.എസ്.ആര്‍.ടി.സി സൗത്ത് സോണ്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടർ ജി. അനില്‍ കുമാര്‍ പറഞ്ഞു. ഉദ്ഘാടനം പിന്നീട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരംഭത്തിൽ സർവീസിനായി 15 ബസുകൾ
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത മന്ത്രി ആന്‍റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആരംഭത്തിൽ 15 ബസുകളാണ് സര്‍വീസ് നടത്തുക. ഇവിടെനിന്നും 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും.
ദീര്‍ഘദൂര സ്ഥലങ്ങളില്‍ പത്തനംതിട്ട നഗരത്തിലൂടെ കെ.എസ്.ആര്‍.ടി.സി ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം.
ഹബ്ബില്‍ നിന്ന് പമ്പയിലേക്ക് പോകുന്ന ബസുകള്‍ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി മറ്റെവിടെയും നിര്‍ത്തുകയില്ല. ആവശ്യമെങ്കില്‍ ഇന്‍റര്‍സ്റ്റേറ്റ് സര്‍വീസുകളും പത്തനംതിട്ടയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യും. പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസുകള്‍ക്കായി 50 ബസുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകളാണ് മൊത്തത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.
ടോള്‍ ഫ്രീ - 18005994011
ഫോണ്‍ : 0468 2222366
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ - 9447071021
ലാന്‍ഡ് ലൈൻ - 0471-2463799
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24×7)
വാട്ട്‌സ്ആപ്പ് - 8129562972
ബഡ്‌ജറ്റ് ടൂറിസം സെല്‍: btc.keralartc.gov.in
വെബ്‌സൈറ്റ്: www.keralartc.com
READ MORE: Sabarimala | ശബരിമലയില്‍ അത്യാധുനിക സംവിധാനമുള്ള ആംബുലന്‍സ്