പത്തനംതിട്ട: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ ക്ഷേത്ര നട ആഗസ്‌റ്റ് 16 ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രത്തിലെ മുതിര്‍ന്ന തന്ത്രി കണ്‌ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. പിന്നീട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവത ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിയിക്കും.
പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നതിന് ശേഷം അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി നൽകും. മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്‌ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.
കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 17 മുതല്‍ 21 വരെയാണ് ശബരിമല, മാളികപ്പുറം ക്ഷേത്രനടകള്‍ തുറന്നിരിക്കുക. ചിങ്ങം ഒന്നായ ആഗസ്‌റ്റ് 17 ന് പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറന്ന ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും മഹാഗണപതിഹോമവും മറ്റ് പൂജകളും ഉണ്ടാകും.
ഉദയാസ്‌തമയപൂജ, അഷ്‌ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് വൈകിട്ട് തുറക്കും.
സെപ്റ്റംബര്‍ 10 ന് നട അടയ്ക്കും.