പത്തനംതിട്ട : ശബരിമല (Sabarimala) തീര്‍ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യവും (Stay allow Sannidhanam) നീലിമല പാതയിലൂടെ കടത്തിവിടുന്ന കാര്യവും പരിഗണിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമല തീര്‍ഥാടന പുരോഗതിയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് പമ്പ ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പയില്‍ വെള്ളം കുറയുന്നതിന് അനുസരിച്ച് ഭക്തര്‍ക്ക് സ്നാനത്തിന് അനുവാദം നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. (Mandalam - Makaravilakku)
ഭക്തർക്കായി കൂടുതൽ സജ്ജീകരണങ്ങൾ
ദര്‍ശനം നടത്തിയശേഷം ഉടന്‍തന്നെ തിരിച്ചിറങ്ങേണ്ടി വരുന്നത് തീര്‍ഥാടകര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൂടി കണക്കിലെടുത്താണ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്. നിലവില്‍ ഭക്തര്‍ക്ക് താമസിക്കാന്‍ 300 മുറികള്‍ നല്‍കാന്‍ കഴിയും. ബാക്കിയുള്ള 200 മുറികളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ട്. രണ്ടുവര്‍ഷത്തോളം മുറികള്‍ ഉപയോഗിക്കാതിരുന്നതിനാലാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
നീലിമല പാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടുന്നതിനുള്ള ഒരുക്കങ്ങള്‍ 80 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ സ്വാമി അയ്യപ്പന്‍ പാത മാത്രമാണ് തീര്‍ഥാടകര്‍ ഉപയോഗിക്കുന്നത്. ഈ പാതയിലൂടെയാണ് ട്രാക്ടറുകളും കടന്നു പോകുന്നത്. അത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നീലിമല പാതയിലൂടെ കടത്തിവിടുന്ന കാര്യമാണ് ചര്‍ച്ച ചെയ്തത്.
നീലിമല പാതയില്‍ ആരോഗ്യ വകുപ്പിന്‍റേത് ഉള്‍പെടെയുള്ള വകുപ്പുകളുടെ ക്രമീകരണങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായി. പൊലീസും ഫയര്‍ഫോഴ്സും സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കി. എന്നുമുതല്‍ നീലിമല പാതയിലൂടെ കടത്തിവിടാന്‍ കഴിയുമെന്നത് ഉള്‍പെടെയുള്ള അന്തിമ തീരുമാനം എടുക്കുന്നതിനായി ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് വിടും. കാനനപാത ഉപയോഗപ്പെടുത്തുന്ന കാര്യവും ചര്‍ച്ച ചെയ്തതായി മന്ത്രി പറഞ്ഞു.
ALSO READ:Adoption Row | അമ്മപ്പോരാട്ട വിജയം ; അനുപമക്കൈകളില്‍ കുഞ്ഞ്
തീര്‍ഥാടന ആരംഭത്തില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ നിലവില്‍ പരിഹരിച്ചു. നിലയ്ക്കലില്‍ ആവശ്യത്തിനുള്ള ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം അഞ്ഞൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഡെസ്റ്റ് ബിന്‍ സജ്ജീകരിച്ചു. കുടിവെള്ള പ്രശ്നവും മൊബൈല്‍ ഫോണ്‍ കവറേജ് പ്രശ്നവും പരിഹരിച്ചു. ബിഎസ്എന്‍എല്‍, വോഡാഫോണ്‍-ഐഡിയ, ജിയോ എന്നീ സേവനദാതാക്കളുടെ കൂടുതല്‍ ടവറുകള്‍ സ്ഥാപിച്ചു. തീര്‍ഥാടനത്തിന് എത്തുന്ന മുതിര്‍ന്നവര്‍ക്കും കൊച്ചു കുട്ടികള്‍ക്കും നിലയ്ക്കലും പമ്പയിലും വെര്‍ച്വല്‍ ക്യൂ സമയത്തും പ്രത്യേക പരിഗണന നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഞുണങ്ങാര്‍ പാലം നിര്‍മാണ പുരോഗതി മന്ത്രി പരിശോധിച്ചു. കൂടാതെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ച മന്ത്രി അവിടത്തെ ശുചി മുറികള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. നിലയ്ക്കലും മന്ത്രി സന്ദര്‍ശിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്ദഗോപന്‍, ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങി മറ്റ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.