മകര വിളക്ക് ജനുവരി 15ന് ; കർശന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമായി ദേവസ്വം ബോര്‍ഡും പൊലീസും - sabarimala restrictions
sabarimala makaravilakku: ശബരിമലയില്‍ ജനുവരി 10 മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഇല്ല, വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇല്ലാതെ എത്തിയാല്‍ ദര്‍ശനം ബുദ്ധിമുട്ടാകും, 14 നും 15നും സ്ത്രീകളും കുട്ടികളും ദര്‍ശനം ഒഴിവാക്കാണമെന്ന് ദേവസ്വം ബോര്‍ഡ്.
Published : Jan 3, 2024, 6:41 PM IST
പത്തനംതിട്ട : ഇക്കൊല്ലത്തെ മകര വിളക്കിന് ( sabarimala makaravilakku ) രണ്ടാഴ്‌ച മാത്രം ബാക്കിനിൽക്കെ ശബരിമലയിലേക്ക് വന്‍ ഭക്തജന പ്രവാഹം. അയ്യപ്പ ഭക്തരുടെ ഒഴുക്ക് നിയന്ത്രണാതീതമായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന് ദേവസ്വം ബോര്‍ഡും പൊലീസും. ഈ മാസം ( ജനുവരി ) 15 നാണ് മകര വിളിക്ക് . മകരവിളക്ക് ദിവസവും അതിനു തലേ ദിവസവും ഉണ്ടാകാനുള്ള തിരക്കു കണക്കിലെടുത്ത് ആ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
ജനുവരി 10 മുതല്‍ ബുക്കിംഗ് ഇല്ലാതെ എത്തുന്നവര്‍ക്കുള്ള സ്‌പോട്ട് ബുക്കിംഗ് ഉണ്ടായിരിക്കില്ല. അതായത് 10 മുതല്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാതെ എത്തിയാല്‍ ശബരിമല പ്രവേശനം അസാദ്ധ്യമാകും. അതിനാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇല്ലാത്തവര്‍ 10 മുതല്‍ 15 വരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ജനുവരി 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 50,000 ആയും 15ന് 40,000 ആയും പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.
ജനുവരി 15ന് രാവിലെ 9 മണിക്കു ശേഷം നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടില്ല. ജനുവരി 14നും 15നും ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അഭൂതപൂര്‍വ്വമായ തിരക്കു കണക്കിലെടുത്ത് ജനുവരി 14 നും 15നും പ്രായമായ സ്ത്രീകളും കുട്ടികളും ശബരിമല യാത്ര ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയും ദേവസ്വം അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇവര്‍ക്ക് 16 മുതല്‍ 20ന് നട അടയ്ക്കുന്നതുവരെ സുഗമമായ ദര്‍ശനം അനുവദിച്ചിട്ടുണ്ട്. 16 മുതല്‍ 20 വരെ ദിവസേന 80,000 ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അനുവദിക്കും. ജനുവരി 11 മുതല്‍ സന്നിധാനത്തേക്ക് ദര്‍ശനത്തിനെത്തുന്നവരുടെ ലക്ഷ്യം 15ലെ മകരവിളക്കാണ്.
അതിനാല്‍ മലകയറുന്നവര്‍ 15ന് മകര വിളക്ക് ദര്‍ശനത്തിനു ശേഷം മാത്രമേ തിരിച്ചിറങ്ങാന്‍ സാദ്ധ്യതയുള്ളൂ എന്നതാണ് ദേവസ്വം, പൊലീസ് അധികൃതര്‍ നേരിടുന്ന വെല്ലുവിളി. മകരവിളിക്കിന്‍റെ പിറ്റേ ദിവസമായ 16 മുതല്‍ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ വിഗ്രഹം കണ്ട് തൊഴുത് ഭക്തര്‍ക്ക് മടങ്ങാം. ഈ ദിവസങ്ങളില്‍ നെയ്യഭിഷേകം ഉണ്ടായിരിക്കില്ല. ശബരിമലയില്‍ ഭക്ത ജനത്തിരക്കേറുന്നത് പെലീസിനും ആശങ്കയാണ്. തിക്കും തിരക്കും അപകടങ്ങളും ഉണ്ടാകാതെ നോക്കുക എന്നതാണ് പ്രധാന വെല്ലുവിളി. തിരക്കു നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി എരുമേലി, പത്തനംതിട്ട, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഭക്തരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചിടുന്നുണ്ട്.
മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല എ.ഡി.എം സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. മകരവിളവിലക്കിനോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പ മേധാവികൾക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
എല്ലായിടങ്ങളിലും വിവിധ ഭാഷകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നും . മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ആവശ്യമെങ്കില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ലഭ്യമാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു . നാളികേരം കൂട്ടിയിടാതെ ഉടന്‍തന്നെ കൊപ്ര കളത്തിലേക്ക് മാറ്റണം. കൊപ്രകളം പരിശോധിച്ച് ചിരട്ട കൂട്ടി ഇട്ടിരിക്കുന്നതില്‍ അപാകതകള്‍ ഉണ്ടോ എന്ന് ഫയര്‍ആന്‍റ് റെസ്‌ക്യു പരിശോധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കണം. ഭക്ഷണശാലകളിലെ വിലവിവരപ്പട്ടിക വ്യക്തമാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ശബരിമല ദേവസ്വം ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്‌ണകുമാര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. ആനന്ദ്, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ആന്‍റ് തഹസില്‍ദാര്‍ ബി. അഫ്‌സല്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.