പത്തനംതിട്ട: ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു. നടപ്പന്തലുകള്‍ ഭക്തരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞതോടെ ചിലയിടങ്ങളില്‍ അയ്യപ്പൻമാർ ബാരിക്കേഡുകള്‍ മുറിച്ചു കടന്നാണ് സന്നിധാനത്തേക്ക് എത്തിയത്. മലചവിട്ടിയ പലര്‍ക്കും ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. തിരക്ക് വര്‍ധിച്ചതോടെ തീര്‍ഥാടനം സുഗമമാക്കാന്‍ തിരുപ്പതി ദര്‍ശനത്തിന് സമാനമായ ഡൈനാമിക് ക്യൂ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്യൂ കോംപ്ലക്‌സില്‍ നിന്നും യാത്ര തുടരാനാകുന്ന ഏകദേശ സമയം പ്രദര്‍ശിപ്പിക്കുന്ന പുത്തന്‍ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. സന്നിധാനത്തേക്ക് ഭക്തര്‍ കൂട്ടമായി എത്തുന്നതാണ് തിരക്ക് ക്രമാതീതമാകാൻ കാരണം. അതേസമയം, ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ സ്വാമിമാർ അതേ പോലെ പാലിക്കണമെന്നും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണെമെന്നും സന്നിധാനത്തെ കാർഡിയോളജി ചീഫ് മെഡിക്കൽ ഓഫീസർ ഡോ വാസുദേവൻ പറഞ്ഞു.
ശബരിമലയില്‍ പൊലീസിന്‍റെ മൂന്നാം ബാച്ച്: ശബരിമലയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നാം ബാച്ച് ചുമതലയേറ്റു. ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു. സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തീര്‍ഥാടകര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്തണമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ ഇ ബൈജു ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

ഡൈനാമിക് ക്യൂ പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്തരോട് മാന്യമായി ഇടപഴകണമെന്നും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്‌ചവക്കണമെന്നും എസ്ഒ നിര്‍ദേശം നല്‍കി. അസിസ്റ്റന്‍റ് സ്പെഷല്‍ ഓഫിസര്‍ അരുണ്‍ കെ പവിത്രന്‍ , 13 ഡിവൈഎസ്‌പിമാര്‍, 35 സിഐമാര്‍, 150 എസ്ഐ ഉള്‍പ്പെടെ 1,850 പൊലീസുകാരെയാണ് 13 ഡിവിഷനുകളിലായി ശബരിമലയിലെ സേവനത്തിന് നിയോഗിച്ചത്. എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, വിവിധ സുരക്ഷ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.
ശബരിമലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ: മല ചവിട്ടുന്ന അയ്യപ്പന്മാർ ആരോഗ്യബോധം ഉള്ളവരാണെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലുള്ള കുറവിൽ നിന്ന് അത് വ്യക്തമാണെന്നും ശബരിമല സഹാസ് കാർഡിയോളജി ചീഫ് മെഡിക്കൽ ഓഫിസർ ഡോ വാസുദേവൻ അറിയിച്ചു. ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ സ്വാമിമാർ അത് പോലെ പാലിക്കുകയും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളും ആകുന്നവരുടെ എണ്ണം മുൻ വർഷങ്ങളിലേക്കാൾ ഈ വർഷം കൂടുതലാണ്.
കാലാവസ്ഥ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒഴിച്ചാൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നതിനാൽ തന്നെ അയ്യപ്പന്മാർക്ക് കാനനപാതയിലും മറ്റും ഉണ്ടാകുന്ന അപകടങ്ങൾ കുറയുന്നതും വ്യക്തമാണ്. ഇതൊരു നല്ല പ്രവണതയാണ്.
തുടർന്നും മണ്ഡല കാലത്ത് എത്തുന്ന എല്ലാ അയ്യപ്പന്മാരും ഇതേ പാത പിന്തുടർന്നാൽ യാതൊരു വിധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാത്ത മണ്ഡലകാലം ആവും ഇത്തവണത്തേത്. മൂന്ന് സിഎംഒമാരുടെ കീഴിൽ 250ഓളം സ്റ്റാഫുകളുടെ സേവനത്തോടെയാണ് ശബരിമലയിൽ ആരോഗ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളും സന്നിധാനത്തും പമ്പയിലും ആരോഗ്യവകുപ്പ് ക്രമീകരിച്ചിട്ടിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തക്ക പ്രാപ്‌തമാണ് ഇതെന്നും സിഎംഒ അറിയിച്ചു.