പത്തനംതിട്ട : ശബരിമലയിലെ മണ്ഡലകാലത്തെ വരവ് 241,71,21,711 (ഇരുനൂറ്റി നാല്പത്തി ഒന്ന് കോടി എഴുപത്തിഒന്ന് ലക്ഷത്തി ഇരുപത്തിഒന്നായിരത്തി എഴുനൂറ്റി പതിനൊന്ന്) രൂപയെന്ന് (Sabarimala 2023 turnover) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 187251461 (പതിനെട്ട് കോടി എഴുപത്തിരണ്ട് ലക്ഷത്തി അമ്പത്തിഒന്നായിരത്തി നാനൂറ്റി അറുപത്തി ഒന്ന് രൂപ) അധികമാണ് ഈ വര്‍ഷത്തെ വരവ് (Sabarimala profit 2023). 2229870250 രൂപ (ഇരുനൂറ്റി ഇരുപത്തിരണ്ട് കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി എഴുപതിനായിരത്തി ഇരുനൂറ്റി അമ്പത്) രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വരവ്.
കുത്തക ലേലം വഴി ലഭിച്ച വരുമാനം കൂടി ചേര്‍ത്തതാണ് ഈ കണക്ക്. 374045007 (മുപ്പത്തിയേഴ് കോടി നാല്‍പത് ലക്ഷത്തി നാല്‍പത്തിഅയ്യായിരത്തി ഏഴ്) രൂപയാണ് കുത്തക ലേലത്തിലൂടെ ലഭിച്ചത്. ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കണക്കില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കാണിക്കയായി ലഭിച്ച നാണയങ്ങള്‍, നിലയ്ക്കലിലെ പാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേര്‍ക്കുമ്പോള്‍ വരുമാനത്തില്‍ ഇനിയും മാറ്റമുണ്ടാകുമെന്നും സന്നിധാനം ദേവസ്വം ഗസ്റ്റ്ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വാർത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് പറഞ്ഞു.
അതേസമയം, ശബരിമലയില്‍ നിന്ന് ദര്‍ശനം കിട്ടാതെ ഒരു ഭക്തനും തിരിച്ചുപോകുന്ന അവസ്ഥ ഇല്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്‍ അറിയിച്ചു. യഥാര്‍ഥ ഭക്തര്‍ തിരിച്ചുപോകില്ല. ഭക്തിയുടെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ സ്വയം പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ദര്‍ശനം സംബന്ധിച്ച് ആക്ഷേപമുണ്ടായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് ഇത്തരം ആക്ഷേപം ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ച ശേഷവും ചിലര്‍ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
Also Read: ഒരു ഭക്തനും അയ്യപ്പ ദര്‍ശനം കിട്ടാതെ മടങ്ങില്ല; മന്ത്രി കെ രാധാകൃഷ്‌ണന്‍
തിരക്ക് എങ്ങനെ നിയന്ത്രിച്ചാലും കയറേണ്ടത് പതിനെട്ടാംപടിയാണെന്ന് മനസിലാക്കണം. ശബരിമലയില്‍ വനഭൂമി വിട്ടുകിട്ടുന്നതിനും കൂടുതല്‍ സൗകര്യമൊരുക്കുന്നതിനും നിലവിലുള്ള പരിമിതികള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മികച്ച സൗകര്യങ്ങളൊരുക്കാന്‍ സാധ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. വരുമാനം കൂടുന്നതും കുറയുന്നതും സര്‍ക്കാരിന്‍റെ വേവലാതിയില്ല. വരുമാനത്തെ ആശ്രയിച്ചല്ല ശബരിമലയില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമെന്നും മന്ത്രി കെ രാധാകൃഷ്‌ണന്‍ വ്യക്തമാക്കി.
മകരവിളക്ക് മഹോത്സവത്തിനായി 30 ന് നട തുറക്കുമ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ശബരിപീഠം മുതല്‍ സന്നിധാനം വരെ 36 കേന്ദ്രങ്ങളില്‍ സിവില്‍ ഡിഫന്‍സ് വളന്‍റിയര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.