പത്തനംതിട്ട : അപകട ഭീഷണി ഉയർത്തി സംസ്ഥാന പാതയോരത്തെ തണൽ മരം. കച്ചേരിപ്പടി ജങ്ഷനിൽ പൊതുമരാമത്ത് ഭൂമിയിൽ നിൽക്കുന്ന അരനൂറ്റാണ്ടിലേറെ പ്രായമുള്ള തണൽ മരമാണ് അപകട ഭീഷണി ഉയർത്തുന്നത്. തിരക്കേറിയ റോഡരികിൽ ചുവട് ദ്രവിച്ച നിലയിൽ നിൽക്കുന്ന മരം ഏത് സമയവും നിലം പതിക്കാവുന്ന നിലയിലാണ്. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ശിഖരങ്ങൾ വലിയ വാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ട്.
അതേസമയം മരം വെട്ടി നീക്കാൻ തയാറാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി.ബി സുഭാഷ് പറഞ്ഞു. എന്നാൽ ചില പരിസ്ഥിതി സംഘടനകളുടെ എതിർപ്പാണ് നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതെന്നും സി.ബി സുഭാഷ് പറഞ്ഞു.