പത്തനംതിട്ട: കാർ അപകടത്തിൽപ്പെട്ടപ്പോൾ കാർ ഓടിച്ചിരുന്നയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവർച്ച. കെ.പി റോഡിൽ മരുതിമൂട് പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ചവറ എംഎൽഎ സുജിത് വിജയന്‍പിള്ളയുടെ പിതൃ സഹോദരന്‍റെ മകനും പുനലൂരിൽ സ്വകാര്യ ബാങ്കിൽ ജീവനക്കാരനുമായ ശൈലേഷ് ചന്ദ്രന്‍പിള്ളയുടെ കാറാണ് അപകടത്തിൽ പെട്ടത്.
ബാങ്കിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശൈലേഷിന്‍റെ കാറിന് മുന്നിൽ മരുതിമൂട് ജങ്ഷന് സമീപം വച്ച് ഒരാള്‍ കുറുകെ ചാടി. ഇതു കണ്ട് വെട്ടിച്ച കാര്‍ സമീപത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ തട്ടി. ഇതു നോക്കാന്‍ ശൈലേഷ് വാഹനം നിർത്തി പുറത്തിറങ്ങിയ സമയം ശൈലേഷിനു നേരെ ഓടിയടുത്ത മോഷ്ടാക്കൾ കഴുത്തിൽ കത്തിവച്ച് 4500 രൂപയും മൊബൈലും കവരുകയായിരുന്നു.
ബഹളം കേട്ട് ഓടിവന്ന നാട്ടുകാർ മോഷ്ടാക്കളിലൊരാളായ കൊടുമൺ ഇടത്തിട്ട മണിമന്ദിരത്തിൽ സൂരജ് സോമനെ പിടികൂടി പൊലീസിന് കൈമാറി. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടു. കുന്നിട സ്വദേശി ഉമേഷ് കൃഷ്ണനാണ് തനിക്കൊപ്പം ഉണ്ടായിരുന്നതെന്ന് പിടിയിലായ സൂരജ് പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രക്ഷപെട്ട ഉമേഷ് കൃഷ്ണൻ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
Also Read: കിരൺ കുമാറിനെ പിരിച്ചുവിട്ടത് ചട്ടപ്രകാരമെന്ന് മന്ത്രി ആന്‍റണി രാജു