പത്തനംതിട്ട: നെല്‍കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കൊടുമണ്‍ ഫാര്‍മേഴ്സ് ക്ലബ്. സ്വർണ്ണം വിളയുന്ന ഭൂമി എന്നറിയപ്പെടുന്ന കൊടുമൺ പാടശേഖരങ്ങളിൽ വിളഞ്ഞ നെല്ല് തവിടു കളയാതെ അരിയാക്കി ആണ് കൊടുമൺ ഫാർമേഴ്സ് ക്ലബ്ബ് കൊടുമൺ ബ്രാൻഡ് എന്ന പേരിൽ വിപണിയിലെത്തിക്കുന്നത്.
അപ്പർകുട്ടനാട് കഴിഞ്ഞാൽ പത്തനംതിട്ടയിൽ ഏറ്റവുമധികം നെൽകൃഷിയുള്ള പഞ്ചായത്ത് എന്ന നേട്ടം വള്ളിക്കാട് പഞ്ചായത്തില്‍ നിന്ന് സ്വന്തമാക്കിയിരിക്കുകയാണ് കൊടുമണ്‍ പഞ്ചായത്ത്. കൊടുമൺ ഫാർമേഴ്സ് ക്ലബ്ബിന്‍റെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് ഈ വിജയം. 220 ഓളം അംഗങ്ങളുള്ള നെൽ കര്‍ഷകരുടെ കൂട്ടായ്മയാണ് കൊടുമണ്‍ ഫാര്‍മേഴ്സ് ക്ലബ്ബ്. കൃഷി വകുപ്പിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിലാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്.
ഉമ, നവര, രക്തശാലി എന്നീ ഇനം നെല്ലുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കാൻസർ രോഗത്തെ പ്രതിരോധിക്കുന്ന രക്തശാലി അരിക്ക് ആവശ്യക്കാർ ഏറെയാണ്. ഈ സീസണിൽ 80 കിലോ രക്തശാലി അരിയാണ് വിപണിയിലെത്തിച്ചത്. കൊടുമൺ ബ്രാൻഡ് അരിയുടെ വിപണന ഉദ്ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു.