പത്തനംതിട്ട : കോഴഞ്ചേരിയിൽ സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ടെന്ന പത്ര പരസ്യം കണ്ട് ജോലി തേടിയെത്തിയ യുവതിയെ ഡോക്‌ടർ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്‌തുവെന്ന് പരാതി. കിടങ്ങന്നൂരില്‍ ദയ ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ എന്ന ക്ലിനിക്ക് നടത്തുന്ന ഡോക്‌ടര്‍ സജീവനെതിരെ യുവതിയുടെ പരാതിയിന്മേൽ ആറന്മുള പൊലീസ് കേസ് എടുത്തു.
ഇടുക്കി സ്വദേശിനിയായ നാൽപതുകാരിയുടെ പരാതിയിൽ ഇന്നലെയാണ് ആറന്മുള പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്‌തത്. സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ടെന്ന പത്ര പരസ്യം കണ്ട് വന്ന തന്നെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ബലാത്സംഗം ചെയ്‌തു എന്നാണ് യുവതിയുടെ പരാതി. ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജനുവരി 29നാണ് യുവതിയെ ആശുപത്രിയിലേക്ക് വിളിപ്പിച്ചത്.
അന്ന് രാത്രി ആശുപത്രിയുടെ മുകൾ നിലയില്‍ ഡോക്‌ടറുടെ റൂമിനോട് ചേര്‍ന്നുള്ള ഗസ്റ്റ് റൂമിലാണ് യുവതിക്ക് താമസ സൗകര്യം ഒരുക്കിയത്. രാത്രി എട്ടരയോടെ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട തനിക്ക് ഡോക്‌ടര്‍ മയക്കുമരുന്ന് കലർന്ന കുപ്പിവെള്ളം നല്‍കി. ഇത് കുടിച്ച് മയങ്ങിപ്പോയ തന്നെ ഡോക്‌ടര്‍ ബലാത്സംഗം ചെയ്‌തുവെന്നും യുവതി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആറന്മുള പൊലീസ് അറിയിച്ചു.
ജോലി വാഗ്‌ദാനം ചെയ്‌ത് വനിത ഡോക്‌ടറെ പീഡിപ്പിച്ച സംഭവം : ജോലി വാഗ്‌ദാനം ചെയ്‌ത് വനിത ഡോക്‌ടറെ പീഡിപ്പിച്ച കേസിൽ പുരുഷ നഴ്‌സ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തൃശൂർ സ്വദേശി നിഷാം ബാബുവാണ് (24) പൊലീസിന്‍റെ പിടിയിലായത്. ഇയാൾ പലതവണയായി യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തു.
കോഴിക്കോടുള്ള ഹോട്ടലിൽ വച്ചായിരുന്നു പീഡനം. കർണാടകയിലെ ആശുപത്രിയിൽ ഇരുവരും ഒന്നിച്ച് ജോലി ചെയ്‌തിരുന്നു എന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ജോലി ശരിയാക്കിത്തരാമെന്ന് വാഗ്‌ദാനം നൽകിയാണ് ഇയാൾ ഡോക്‌ടറെ പീഡിപ്പിച്ചത്.
തുടർന്ന് നഗ്ന ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി പല തവണയായി ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്നുമാണ് യുവതിയുടെ പരാതി.
ഭക്ഷണം ഡെലിവറി ചെയ്യാനെത്തി യുവതിയെ പീഡിപ്പിച്ച സംഭവം : തൃശൂരിൽ ഓർഡർ ചെയ്‌ത ഭക്ഷണവുമായി എത്തി യുവതിയെ പീഡിപ്പിച്ച സംഭവം ഈ അടുത്തിടെയാണ് ഉണ്ടായത്. സംഭവത്തിൽ കണ്ണൂർ സ്വദേശി നിയാസിനെ പൊലീസ് പിടികൂടിയിരുന്നു. യുവതിയെ പീഡിപ്പിച്ച ശേഷം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണയായി 90 ലക്ഷം രൂപ പ്രതി തട്ടിയെടുത്തിട്ടുമുണ്ട്.
ഓൺലൈൻ ആയി ഓഡർ ചെയ്‌ത ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.