പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇടതുപക്ഷ മുന്നണി. ആറൻമുള മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ വീണ ജോർജിനെയാണ് ഇടതുമുന്നണി പാർലമെന്‍ററി സ്ഥാനാർഥിയായി കളത്തിലിറക്കിയിരിക്കുന്നത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി സിപിഐഎം പാനലിലൂടെ വിജയിച്ചായിരുന്നു വീണയുടെ രാഷ്ട്രീയ പ്രവേശനം. കോൺഗ്രസിന്‍റെ ഉറച്ച മണ്ഡലമായിരുന്ന ആറന്മുളയിൽ കോൺഗ്രസിന്‍റെ സംസ്ഥാന നേതാവായ ശിവദാസൻ നായർക്കെതിരെ അട്ടിമറി വിജയമായിരുന്നു വീണ നേടിയത്. ആറന്മുളയിലെ വികസന നേട്ടങ്ങളും ജനകീയ മുഖവും പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിൽ വീണാ ജോർജിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വൻവിജയം ഉണ്ടാകും. വികസന മുരടിപ്പാണ് മണ്ഡലം നേരിടുന്ന പ്രധാന പ്രശ്നമെന്നും വികസനത്തിലൂന്നിയായിരിക്കും തന്‍റെ പ്രവർത്തനങ്ങളെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം വീണ ജോർജ് ജോർജ്ജ് പ്രതികരിച്ചു. വീണാ ജോർജിനെ സ്വാഗതം ചെയ്തുകൊണ്ട് ഇടതുമുന്നണി പ്രവർത്തകർ പത്തനംതിട്ട മണ്ഡലത്തിൽ പ്രകടനം നടത്തി. ഒപ്പം നാളെ എൽഡിഎഫ് പത്തനംതിട്ട മണ്ഡലം കൺവെൻഷനും ആരംഭം കുറിക്കും.