തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ വീടും കുടുംബവും പ്രതിശ്രുത വരനെയും നഷ്‌ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ളാർക്ക് തസ്‌തികയിലാണ് നിയമനം നൽകിയത്. നിയമന നടപടികള്‍ക്കായി വയനാട് ജില്ലാ കലക്‌ടർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളും വീടും നഷ്‌ടമായത്. അച്ഛൻ, അമ്മ അനിയത്തി എന്നിവരെയാണ് ഉരുൾപൊട്ടൽ കവർന്നെടുത്തത്. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്.
തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും വാഹനാപകടത്തില്‍ ശ്രുതിക്ക് നഷ്‌ടമായി. കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജെൻസൺ മരിച്ചത്.
ഉരുൾപൊട്ടലിൽ ഉറ്റവരെയാകെ നഷ്‌ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് തൻ്റെ സ്വപ്‌നമെന്ന് ജെൻസണ്‍ പറഞ്ഞിരുന്നു. അത് പൂർത്തീകരിക്കാതെയാണ് മരണം ജെൻസനെ കവർന്നെടുത്തത്. അപടത്തിൽ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ ബന്ധുക്കൾക്കൊപ്പമാണ് താമസം.
Also Read: ഐടിഐകളിൽ ആര്‍ത്തവ അവധിയും ശനിയാഴ്‌ച അവധിയും പ്രഖ്യാപിച്ച് സര്‍ക്കാര്‍