തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷേമ പെന്‍ഷന്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള 1,458 പേര്‍ തട്ടിയെടുത്ത സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. പെന്‍ഷന്‍ കൈപ്പറ്റിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. ഇതു സംബന്ധിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടും. അതിന് ശേഷമാകും തുടര്‍നടപടികളിലേക്ക് കടക്കുക.
മനപൂര്‍വ്വമല്ലാതെ വീഴ്‌ചയാണ് സംഭവിച്ചതെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രതിമാസം 1600 രൂപ വീതം സ്വന്തം അക്കൗണ്ടുകളില്‍ കൂടുതലെത്തുമ്പോള്‍ അക്കാര്യം അറിയില്ലെന്ന് കരുതാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. മാത്രമല്ല, കുടിശിക പെന്‍ഷന്‍ പല തവണ ഒന്നും രണ്ടും മൂന്നും മാസത്തേത് ഒരുമിച്ചു നല്‍കിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അക്കൗണ്ടുകളില്‍ വലിയ വ്യത്യാസം ഉണ്ടാകാമെന്നും അപ്പോള്‍ ഇത് അബദ്ധമാകാനിടയില്ലെന്നും മന്ത്രി പറയുന്നു.
ഇപ്പോള്‍ ഇത്രയും പേര്‍ അനധികൃതമായി പെന്‍ഷന്‍ പറ്റിയതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ എല്ലാ വകുപ്പുകളിലും ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്താന്‍ ധനവകുപ്പ് ആലോചിക്കുന്നുണ്ട്. അതേസമയം എല്ലാ വര്‍ഷവും നേരിട്ടെത്തി മസ്‌റ്ററിങ് പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതെന്നിരിക്കെ എങ്ങനെ ഇത്രയും നാള്‍ ഇവര്‍ക്ക് പെന്‍ഷന്‍ വാങ്ങാനായി എന്നത് സര്‍ക്കാരിനെ കുഴയ്ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തദ്ദേശ ഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു വീഴ്‌ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന സൂചന സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതിനിടെ ഇത് ധനവകുപ്പിന് പറ്റിയ സാങ്കേതിക പിഴവാണോ എന്നൊരു സംശയവും ഉയരുന്നുണ്ട്. ഇതാദ്യമല്ല ക്ഷേമ പെന്‍ഷന്‍ അനര്‍ഹര്‍ തട്ടിയെടുത്തുവെന്ന് സംബന്ധിച്ച് ആരോപണം ഉയരുന്നത്. അതിനിടെ സര്‍ക്കാരിന്‍റെ ക്ഷേമ പെന്‍ഷന്‍ നാഥനില്ലാക്കളരിയായി മാറിയെന്ന വിമര്‍ശമനവും ഉയരുന്നുണ്ട്.
സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
സര്‍ക്കാരിന് ഇതിന്‍റെ നിയന്ത്രണം പൂര്‍ണമായി നഷ്‌ടമായെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 62 ലക്ഷം പേരാണ് ക്ഷേമ പെൻഷൻ വാങ്ങുന്നത്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. ഇതിനായി ഏകദേശം 900 കോടി രൂപ സര്‍ക്കാരിന് ഒരു മാസം ആവശ്യമുണ്ട്. 1600 രൂപയില്‍ 300 രൂപയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതം. പക്ഷേ പലപ്പോഴും ഈ തുച്‌ഛമായ തുക പോലും സമയത്ത് അനുവദിക്കാറില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പരാതി.