തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി സബന്ധിച്ച് ഒരു വിഭാഗം ജനങ്ങള്‍ നടത്തിവരുന്ന സമരം ഒത്തു തീര്‍പ്പാക്കുന്നതിൻ്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച് ഉത്തരവിറക്കി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരെ കമ്മിഷനായി നിയമിച്ച് കൊണ്ടുള്ള അസാധാരണ ഗസ്റ്റ് വിജ്ഞാപനമായണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പാണ് ഇന്ന് ഉത്തരവ് പുറത്തിറക്കിയത്. 1952ലെ കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആക്‌ട് പ്രകാരമാണ് ഉത്തരവ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സര്‍വേ നമ്പര്‍ 18/1ല്‍ ഉള്‍പ്പെട്ട വസ്‌തുവിൻ്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്‌തി എന്നിവ തിരിച്ചറിയുക. ഈ ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താത്‌പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനോട് നിര്‍ദേശിച്ചിട്ടുള്ളത്. ഇവയാണ് ഉത്തരവിൽ പറയുന്ന കമ്മിഷൻ്റെ പരിഗണനാ വിഷയങ്ങള്‍.
ഈ മാസം 23ന് മുനമ്പം സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍നായരെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നോട്ടിസ് അടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്ന് വഖഫ് ബോര്‍ഡിനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം വഖഫ് ബോര്‍ഡും സര്‍ക്കാരിനോട് സമ്മതിച്ചു. പുതിയ കമ്മിഷന്‍ നിലവില്‍ വന്നതോടെ ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷനു മുന്‍പാകെ അവതരിപ്പിക്കാം.
ഇത് സംബന്ധിച്ച് കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ജനങ്ങളുടെ ആശങ്കകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. കമ്മിഷൻ്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സ്ഥലത്തെ താമസക്കാരുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി മുമ്പത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Also Read: പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് സര്‍ക്കാര്‍; മുനമ്പം തര്‍ക്കത്തില്‍ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട്, മന്ത്രിസഭയുടെ സുപ്രധാന തീരുമാനങ്ങള്‍ അറിയാം