പത്തനംതിട്ട: പുളിക്കീഴ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്‍റെ തകർന്ന് കിടക്കുന്ന മേല്‍ക്കൂര ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കല്‍സ് നവീകരിച്ച് നല്‍കും. ദ്രവിച്ച പട്ടികകളും കഴുക്കോലും പൊട്ടിയ ഓടുകളും മാറ്റി മേൽക്കൂര പൂർണ്ണമായും നവീകരിക്കും.
മേൽക്കൂരയുടെ നവീകരണ പ്രവർത്തനങ്ങൾ വ്യാഴാഴ്‌ചയോടെ ആരംഭിക്കുമെന്ന് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കല്‍സ് ഡെപ്യൂട്ടി ജനറൽ മാനേജർ അലക്‌സ് പി എബ്രഹാം പറഞ്ഞു. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കല്‍സിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം 1984ലാണ് പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനത്തിന് വേണ്ടി വിട്ടു നൽകിയത്. പിന്നീട് അറ്റകുറ്റപ്പണികൾ ഒന്നും നടത്താതിരുന്നതിനാൽ കെട്ടിടത്തിന്‍റെ മേൽക്കൂര ഏകദേശം പൂർണ്ണമായും തകർന്നിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി മേൽക്കൂരയ്ക്ക് മുകളില്‍ ടാർപാളിൻ വലിച്ചു കെട്ടിയിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും സമീപത്ത് നിന്നിരുന്ന പുളിമരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വീണ് കെട്ടിടത്തിന്‍റെ പിൻവശത്തെ മേൽക്കൂര പൂർണ്ണമായും തകർന്നു. ഇതേ തുടർന്നാണ് മേൽക്കൂര പൂർണമായും നവീകരിച്ച് നൽകാൻ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കല്‍സ് സന്നദ്ധത അറിയിച്ചത്.