പത്തനംതിട്ട : വിവാഹ വാഗ്‌ദാനം നൽകി പ്രലോഭിപ്പിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പതിനെട്ടുകാരൻ പിടിയിൽ. തിരുവനന്തപുരം കരമന സ്വദേശി സച്ചു എന്നുവിളിക്കുന്ന സൂരജിനെയാണ് (18) ഇന്നലെ(21.08.2022) വൈകീട്ട് കീഴ്‌വായ്‌പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെള്ളിയാഴ്‌ച(19.08.2022) ഉച്ചയ്ക്കുശേഷം വീട്ടിൽ നിന്നും പ്രലോഭിപ്പിച്ച് വിളിച്ചിറക്കി തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് മകളെ കാണാനില്ലെന്ന പിതാവിന്‍റെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന് കണ്ടെത്തി.
പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. തുടർന്ന് കുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്‍ററിൽ പാർപ്പിച്ചു. തുടർന്ന് വനിത പൊലീസ് എത്തി വിശദമായ മൊഴി രേഖപ്പെടുത്തി.
Also read: മലപ്പുറത്ത് 17കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍
കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിക്കൊണ്ടുപോകലിനുള്ള വകുപ്പും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.