പത്തനംതിട്ട : എട്ടുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 104 വർഷം കഠിനതടവും നാല് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും (POCSO Case Accused Gets 104 Years Imprisonment). അടൂർ ഫാസ്റ്റ് ട്രാക്ക് ആന്‍റ് സ്പെഷ്യൽ ജഡ്‌ജി എ സമീറിന്‍റെതാണ് വിധി. ശിക്ഷ ഒരുമിച്ച് ഒരു കാലയളവിൽ അനുഭവിച്ചാൽ മതിയാകും.
പിഴത്തുക കുട്ടിക്ക് നൽകണം, അല്ലാത്തപക്ഷം 26 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദ് (32) നെയാണ് കോടതി ശിക്ഷിച്ചത്. അനുജത്തി മൂന്നര വയസ്സുകാരിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദൃക്‌സാക്ഷിയാണ് എട്ടുവയസ്സുകാരി.
ആ കേസിൽ കഴിഞ്ഞദിവസം ഇയാളെ 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു. അടൂർ പൊലീസ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ കേസായിരുന്നു അത്. ആദ്യ കേസിലെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ഇളയകുട്ടിക്കും പീഡനം ഏൽക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെതുടർന്ന് രണ്ട് കേസുകളും ഒരുമിച്ച് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടിൽ വച്ച് 2021, 2022 കാലയളവിൽ പല ദിവസങ്ങളിലായി കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അശ്ലീല ദൃശ്യങ്ങൾ കാട്ടിയ ശേഷമായിരുന്നു പീഡനം.
അടൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്നത്തെ പൊലീസ് ഇൻസ്‌പെക്‌ടർ ടിഡി പ്രജീഷ് ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗത്തിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്കുമാണ് കേസെടുത്തത്. കഴിഞ്ഞവിധിയിൽ ശിക്ഷിച്ച പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പുറമെ ഐപിസി 11, 12 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചുള്ള കാലയളവും ഉൾപ്പെടുത്തി.
കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പ്രതിക്കെതിരെ അടൂർ പൊലീസ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്‌ത് ഇൻസ്‌പെക്‌ടർ പ്രജീഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. തുടർന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ 20 രേഖകളും പതിനാറ് സാക്ഷികളെയും ഹാജരാക്കി.
ഇളയ കുട്ടിയെ പീഡിപ്പിച്ച കേസിൽ എട്ടു വയസ്സുകാരിയായ സഹോദരി ദ്യക്‌സാക്ഷിയായതിനാൽ കേസ് അപൂർവങ്ങളിൽ ഒന്നായി കാണണം എന്ന് പ്രോസിക്യുഷൻ വാദം കോടതി അംഗീകരിച്ചു. പോക്‌സോ നിയമത്തിലെ 4(2),3(a) പ്രകാരമാണ് പ്രതിയ്‌ക്ക് എതിരെ ചുമത്തിയ കേസുകൾ.