ഉപേക്ഷിക്കപ്പെട്ട നിലയിൽ വയോധിക; അഭയ ഭവനിലേക്ക് മാറ്റി - ഉപേക്ഷിക്കപ്പെട്ട നിലയിൽ വയോധിക; അഭയ ഭവനിലേക്ക് മാറ്റി
തിരുവല്ല കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്ര പരിസരത്ത് ഞായറാഴ്ച രാവിലെ ആറു മണി മുതൽ കാണപ്പെട്ട എഴുപത് വയസ് തോന്നിക്കുന്ന വയോധികയെയാണ് മൂത്തൂരിലുള്ള അഭയ ഭവനിലേക്ക് മാറ്റിയത്
പത്തനംതിട്ട : ഉപേക്ഷിക്കപ്പെട്ട നിലയിൽ ക്ഷേത്ര പരിസരത്ത് കണ്ടെത്തിയ ഓർമ്മക്കുറവുള്ള വയോധികയെ പിങ്ക് പൊലീസ് ഇടപെട്ട് അഭയ ഭവനിലേക്ക് മാറ്റി. തിരുവല്ല കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്ര പരിസരത്ത് ഞായറാഴ്ച രാവിലെ ആറു മണി മുതൽ കാണപ്പെട്ട എഴുപത് വയസ് തോന്നിക്കുന്ന വയോധികയെയാണ് മൂത്തൂരിലുള്ള അഭയ ഭവനിലേക്ക് മാറ്റിയത്. ക്ഷേത്ര പൂജകൾക്കായി പുലർച്ചെ ആറു മണിയോടെ എത്തിയ മേൽശാന്തി ക്ഷേത്ര നടയടച്ച് മടങ്ങാനൊരുങ്ങുമ്പോഴും ക്ഷേത്രത്തിന് മുമ്പിലെ ആനക്കൊട്ടിലിൽ ഇരിക്കുകയായിരുന്ന വയോധികയോട് കാര്യങ്ങൾ ആരായുകയായിരുന്നു. ഓർമ്മക്കുറവ് മൂലം സ്വന്തം വിലാസം പറയാൻ വയോധികയ്ക്ക് കഴിയാതിരുന്നതിനെ തുടർന്ന് മേൽശാന്തി ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചു. ക്ഷേത്ര ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പിങ്ക് പൊലീസ് വയോധികയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കളെ കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയകളിൽ അടക്കം വയോധികയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു.
TAGGED:
latest pathanamthitta