പത്തനംതിട്ട: മലങ്കര മാര്‍ത്തോമ സഭ വലിയ മെത്രോപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അന്തരിച്ചു. 103 വയസായിരുന്നു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 1.15നാണ് മെത്രോപ്പൊലീത്തയുടെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപ് ആന്‍റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മെത്രൊപ്പൊലീത്തയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിറ്റേദിവസം നടത്തിയ ആന്‍റിജൻ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്‌ച്ച കുമ്പനാട്ടെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാത്രിയോടെ വീണ്ടും ആരോഗ്യ നില മോശമാകുകയായിരുന്നു.
ഇരിവിപേരൂര്‍ കലകമണ്ണില്‍ കെ.ഇ ഉമ്മന്‍ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ജനനം. ഇരവിപേരൂര്‍, മാരാമണ്‍, കോഴഞ്ചേരി എന്നിവിടങ്ങളിലായുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യുസി കോളേജില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. ബംഗളൂരു, കാന്‍റര്‍ബെറി എന്നിവിടങ്ങളില്‍ നിന്നായി വേദശാസ്ത്രവും പഠിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു ക്രിസോസ്റ്റം തിരുമേനി. 2018ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
1944ലാണ് ശെമ്മാശപ്പട്ടം അദ്ദേഹം സ്വീകരിച്ചത്. തുടര്‍ന്ന്, അതേവര്‍ഷം ജൂണ്‍ 30ന് കാശീശാപ്പട്ടവും നേടി. 1953 മെയ് 20ന് റെമ്പാനായി നിയോഗിക്കപ്പെട്ടു. മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനായി 1999 ഒക്ടോബര്‍ 23ന് അഭിഷിക്തനായി. 2007 ഒക്ടോബര്‍ ഒന്നിന് ശാരീരക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സ്ഥാനത്യാഗം ചെയ്തു. 2007 ഓഗസ്റ്റ് 28 ന് സ്ഥാന ത്യാഗത്തിന് ശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തിലായിരുന്നു വിശ്രമ ജീവിതം.