പത്തനംതിട്ട: വിനോദസഞ്ചാരികള്‍ക്കായി ഏകദിന ട്രിപ്പുമായി കെ.എസ്.ആര്‍.ടി.സി. പത്തനംതിട്ടയില്‍ നിന്ന് ഗവി, വണ്ടിപ്പെരിയാര്‍, പരുന്തുംപാറ വഴി വാഗമണ്ണിലേക്കാണ് കെ.എസ്.ആര്‍.ടിസി ടൂർ പാക്കേജ് ഒരുക്കുന്നത്. അടുത്ത ആഴ്‌ച മുതൽ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നിന്നുമാണ് ടൂര്‍ സര്‍വീസ് ആരംഭിക്കുന്നത്.
36 സീറ്റുള്ള ഓര്‍ഡിനറി ബസാവും സര്‍വീസ് നടത്തുക. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും. നിലവിലുള്ള പത്തനംതിട്ട -ഗവി-കുമളി ഓര്‍ഡിനറി യാത്ര സര്‍വീസിന് പുറമേയാണിത്.
ഗവി-വണ്ടിപ്പെരിയാര്‍-പരുന്തുംപാറ- വാഗമണ്‍ ടൂറിസം പാക്കേജില്‍ ഒരാള്‍ക്ക് 700 രൂപയാണ് നിരക്ക്. വനമേഖലയിലൂടെ യാത്ര ചെയ്യുന്നതിനാല്‍ വനംവകുപ്പിന് അടയ്‌ക്കേണ്ട 100 രൂപയുടെ പാസ് ഉൾപ്പെടെയാണിത്. യാത്രക്കാര്‍ ആവശ്യപ്പെടുന്ന പ്രധാന പോയിന്‍റുകളില്‍ കാഴ്‌ചകള്‍ കാണാന്‍ ബസ് നിര്‍ത്തും.
രാവിലെ ആറിന് പുറപ്പെട്ട് രാത്രിയോടെ പത്തനംതിട്ടയില്‍ തിരിച്ചെത്തും. വാഗമണ്ണില്‍ നിന്ന് മുണ്ടക്കയം വഴിയാണ് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്ര.
ALSO READ: ക്യാൻസർ, വൃക്ക രോഗികള്‍ക്ക് 'മദീന'യുടെ സ്‌നേഹസ്‌പര്‍ശം; സൗജന്യയാത്രയൊരുക്കി മലപ്പുറത്തൊരു ബസ്